ഗസ്സയിലെ മാനുഷിക ദുരിതത്തില്‍ ആശങ്ക; അടിയന്തര സഹായം ഉറപ്പാക്കണമെന്ന് ഖത്തറും ഏഴ് അറബ്- ഇസ്ലാമിക രാജ്യങ്ങളും

Web Desk
3 Min Read

ന്യൂയോര്‍ക്ക്: ഗസ്സ മുനമ്പില്‍ തുടരുന്ന മാനുഷിക ദുരിതങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഖത്തറും ഏഴ് അറബ്, ഇസ്ലാമിക രാജ്യങ്ങളും. ഗസ്സയ്ക്കായുള്ള സമഗ്ര പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നല്‍കിയ പ്രതിബദ്ധതകള്‍ ഉടന്‍ നടപ്പാക്കണമെന്നും മാനുഷിക സഹായങ്ങള്‍ തടസ്സമില്ലാതെ എത്തിക്കണമെന്നും രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

city exchange

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യോഗത്തിലാണ് ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, യു എ ഇ, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

സമഗ്ര പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഇസ്രയേല്‍ ഇനിയും നിറവേറ്റാനുള്ള പ്രതിബദ്ധതകള്‍ ഉടന്‍ പാലിക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. മാനുഷിക സഹായങ്ങളും പുനരധിവാസത്തിന്റെ പ്രാരംഭ ഘട്ടത്തിനാവശ്യമായ സാമഗ്രികളും സുരക്ഷിതമായും തടസ്സമില്ലാതെയും ഗസ്സയില്‍ എത്തിക്കുന്നത് ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണം വേഗത്തിലാക്കണമെന്നും വെടിനിര്‍ത്തല്‍ നിലനിര്‍ത്തുകയും അതിന്റെ എല്ലാ ലംഘനങ്ങളും അവസാനിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

- Advertisement -
Ad image

സമഗ്ര പദ്ധതിയുടെ അവിഭാജ്യ ഘടകമാണ് റോഡ് മാപ്പെന്നും രണ്ടാം ഘട്ടം നടപ്പാക്കുന്നതിനുള്ള ചട്ടക്കൂട് അതിലുണ്ടെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. സൈനിക സംവിധാനങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം ഇസ്രയേല്‍ പൂര്‍ണമായി പിന്മാറുക, അന്താരാഷ്ട്ര സ്ഥിരതാ സേനയെ (ഐ എസ് എഫ്) വിന്യസിക്കുക, ഗസ്സയുടെ ഭരണത്തിനായുള്ള ദേശീയ സമിതി (എന്‍ സി എ ജി സി) മുനമ്പിലുടനീളം ചുമതലകള്‍ ഏറ്റെടുക്കുക, പുനരധിവാസത്തിന്റെയും പുനര്‍നിര്‍മാണത്തിന്റെയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്നിവ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു.

എല്ലാ കക്ഷികളും തങ്ങളുടെ പ്രതിബദ്ധതകള്‍ ആത്മാര്‍ഥമായും കാലതാമസമില്ലാതെയും നിറവേറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഫലസ്തീന്‍ ജനതയെ അവരുടെ മാതൃഭൂമിയില്‍നിന്ന് പുറത്താക്കുന്നതിനോ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനോ ലക്ഷ്യമിട്ടുള്ള ഏത് നടപടിയെയും ശക്തമായി എതിര്‍ക്കുന്നതായി എട്ട് രാജ്യങ്ങളും ആവര്‍ത്തിച്ചു. അധിനിവേശത്തിലുള്ള ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭൂപ്രകൃതിയിലോ ജനസംഖ്യാ ഘടനയിലോ മാറ്റം വരുത്താനുള്ള നീക്കങ്ങളെയും അവര്‍ തള്ളി.

ഇസ്രയേലിന്റെ നിയന്ത്രണവും കൂട്ടിച്ചേര്‍ക്കല്‍ നടപടികളും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധ നടപടികളെയും മന്ത്രിമാര്‍ വിമര്‍ശിച്ചു. കുടിയേറ്റ കേന്ദ്രങ്ങളുടെ അതിവേഗ വികസനം, ഭൂമി പിടിച്ചെടുക്കല്‍, ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചുനീക്കല്‍, കുടിയേറ്റക്കാരുടെ അക്രമങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജറുസലേമിലെ മുസ്ലിം, ക്രൈസ്തവ പുണ്യസ്ഥലങ്ങളുടെ ചരിത്രപരവും നിയമപരവുമായ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുന്ന നടപടികളിലും മന്ത്രിമാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി.

നിയമവിരുദ്ധമായ ഇസ്രയേലി കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബ്രിട്ടന്‍ അടുത്തിടെ സ്വീകരിച്ച നടപടികളെയും മറ്റ് രാജ്യങ്ങളും യൂറോപ്യന്‍ തലത്തിലും സ്വീകരിച്ച വിശാലമായ നടപടികളെയും അവര്‍ സ്വാഗതം ചെയ്തു. നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാരം നിര്‍ത്താനുള്ള നീക്കങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനം അവസാനിപ്പിക്കാനും കുടിയേറ്റക്കാരുടെ അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഗസ്സ ഫലസ്തീന്‍ പ്രദേശത്തിന്റെ അവിഭാജ്യ ഭാഗമായി തുടരണം. സമഗ്ര പദ്ധതി നടപ്പാക്കുന്നതിലൂടെ കിഴക്കന്‍ ജറുസലേം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്കിനെയും ഗസ്സ മുനമ്പിനെയും വീണ്ടും ഏകീകരിക്കണമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഫലസ്തീന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശം സാക്ഷാത്കരിക്കുന്നതിനും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പരമാധികാരവും നിലനില്‍പ്പിന് ശേഷിയുമുള്ള സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനും വിശ്വസനീയവും തിരിച്ചെടുക്കാനാകാത്തതുമായ പാത ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സമഗ്ര പദ്ധതി നടപ്പാക്കുന്നതില്‍ അമേരിക്കയുടെ നിര്‍ണായക പങ്ക് ചൂണ്ടിക്കാട്ടിയ മന്ത്രിമാര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തെ പ്രശംസിച്ചു. എല്ലാ കക്ഷികളും പ്രത്യേകിച്ച് ഇസ്രയേല്‍, തങ്ങളുടെ പ്രതിബദ്ധതകളും ബാധ്യതകളും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാനും റോഡ് മാപ്പ് നടപ്പാക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാനും അമേരിക്കയുടെ തുടര്‍ച്ചയായ സജീവ ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രായോഗിക തലത്തില്‍ കൈവരിക്കുന്ന വ്യക്തമായ പുരോഗതി സമാധാന ബോര്‍ഡിന്റെ വിശ്വാസ്യതയും പദ്ധതിയുടെ അധികാരവും ശക്തിപ്പെടുത്തുകയും ഏറെ ആവശ്യമായ പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

സമഗ്ര പദ്ധതിയും അതിന്റെ റോഡ് മാപ്പും പൂര്‍ണമായി നടപ്പാക്കുന്നതിനായി അമേരിക്ക, സമാധാന ബോര്‍ഡ്, ഫലസ്തീന്‍ അതോറിറ്റി, മറ്റ് ബന്ധപ്പെട്ട കക്ഷികള്‍ എന്നിവരുമായി കൂട്ടായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് എട്ട് രാജ്യങ്ങളും ആവര്‍ത്തിച്ചു. ഫലസ്തീന്‍ ജനതയുടെ ദുരിതം ലഘൂകരിക്കുക, സ്വയംനിര്‍ണയത്തിനും സ്വതന്ത്ര രാഷ്ട്രത്തിനുമുള്ള അവരുടെ അവകാശങ്ങള്‍ സാക്ഷാത്കരിക്കുക, മേഖലയില്‍ നീതിയുക്തവും സുസ്ഥിരവും സമഗ്രവുമായ സമാധാനം കൈവരിക്കുക എന്നിവയാണ് ലക്ഷ്യമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!