ജോലി തേടുന്നവര്‍ക്കും നിര്‍ധനര്‍ക്കും സൗജന്യ സവാരി വാഗ്ദാനം ചെയ്ത ലിന്റോയ്ക്ക് ഐ സി ബി എഫ് ആദരം

Web Desk
1 Min Read

ദോഹ: ജോലി തേടുന്നവര്‍ക്കും നിര്‍ധനര്‍ക്കും സൗജന്യ സവാരി വാഗ്ദാനം ചെയ്യുന്ന യുവാവിന് ഹോണററി അംഗത്വം നല്കി ആദരിച്ച് ഐ സി ബി എഫ്. എറണാകുളം സ്വദേശി ലിന്റോയ്ക്കാണ് ഐ സി ബി എഫ് ഹോണററി അംഗത്വം നല്കിയത്.

city exchange


പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപജീവനാര്‍ഥം ഖത്തറിലെത്തിയ ലിന്റോ ഫേസ് ബുക്ക് പേജായ ഖത്തര്‍ മലയാളിയില്‍ ജോലി തേടുന്നവര്‍ക്കും പണമില്ലാത്തവര്‍ക്കും സൗജന്യമായി സവാരി വാഗ്ദാനം ചെയ്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് പത്രങ്ങളിലും അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു.


വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴിലില്ലാതിരുന്നയാളായിരുന്നു താനെന്നും മതിയായ പണം കൈയിലില്ലാതിരുന്നതും അഭിമുഖത്തിന് പോകാന്‍ ബുദ്ധിമുട്ടിയതും ഓര്‍ത്താണ് അദ്ദേഹം ഇത്തരക്കാരെ സഹായിക്കാന്‍ രംഗത്തെത്തിയത്. പരോപകാര പ്രവര്‍ത്തനങ്ങളില്‍ അമ്മയാണ് മാതൃകയെന്നും അമ്മയുടെ വാക്കുകളാണ് തനിക്ക് പ്രചോദനമെന്നും ലിന്റോ പറയുന്നു.

- Advertisement -
Ad image

ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ഹോണററി അംഗത്വ സര്‍ട്ടിഫിക്കറ്റും മെമന്റോയും ലിന്റോയ്ക്ക് കൈമാറി. തുമാമ ഐ സി ബി എഫ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സഹസംഘടനാ പ്രതിനിധികളും പങ്കെടുത്തു.


ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ സഹായിക്കാന്‍ സമയവും ഊര്‍ജ്ജവും ചെലവഴിക്കുന്നവരെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയെന്നത് ഐ സി ബി എഫിന്റെ ലക്ഷ്യമാണെന്ന് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!