

മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ ആര്‍ എസ് എസ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ജാവേദ് അക്തര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പരമാര്‍ശം ആര്‍ എസ് എസിന് എതിരെ നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത്. നൂറു കോടി നഷ്ടപരിഹാരമാണ് ചോദിച്ചിരിക്കുന്നത്.

അഭിഭാഷകനും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ ധ്രുതിമാന്‍ ജോഷിയാണ് ജാവേദ് അക്തറിനെതിരെ ക്രിമിനല്‍ മാനനഷ്ടത്തിന് കേസെടുക്കാന്‍ കുര്‍ല മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ജാവേദ് അക്തര്‍ താലിബാനും ഹിന്ദു സംഘടനകളും തമ്മില്‍ താരതമ്യം ചെയ്തെന്നും ഇത് ഹിന്ദു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അധിക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും കാരണമായെന്നുമാണ് ജോഷി പറയുന്നത്.

ആര്‍ എസ് എസ് സമൂഹത്തില്‍ പടര്‍ന്ന ഒരു അര്‍ബുദമായി മാറിയെന്ന് ജാവേദ് അക്തര്‍ പറഞ്ഞതായും ജോഷി പരാതിയില്‍ പറയുന്നു.
ആര്‍ എസ് എസ് ഇന്ത്യന്‍ താലിബാന്‍ ആണെന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ അക്തറിനെതിരെ ബി ജെ പി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ സിനിമ ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണി ബി ജെ പി മുഴക്കിയിരുന്നു.

