തന്റെ സൂപ്പര്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

Web Desk
3 Min Read

കൊച്ചി: ഹാപ്പി ബേര്‍ത്ത് ഡേ മൈ സൂപ്പര്‍ സ്റ്റാര്‍. നടന്‍ മധുവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു.

city exchange

രണ്ടാഴ്ച മുമ്പാണ് മമ്മൂട്ടി തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചത്. മലയാളത്തിന്റെ മെഗാസ്റ്റാറിന് ആരാധകര്‍ നിറയെ ജന്മദിനാശംസകള്‍ നേര്‍ന്നപ്പോള്‍ ഇന്ന് 88 വയസ്സു പൂര്‍ത്തിയാക്കുന്ന മധുവിനെയാണ് തന്റെ സൂപ്പര്‍ സ്റ്റാറെന്ന് മമ്മൂട്ടി വിശേഷിപ്പിച്ചത്.

PIC

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടേയും തങ്കമ്മയുടേയും മൂത്ത പുത്രനായാണ് 1933 സെപ്തംബര്‍ 23ന് മാധവന്‍ നായര്‍ എന്ന മധു ജനിച്ചത്. മലയാള സിനിമയുടെ ശൈശവം മുതല്‍ ഒപ്പമുണ്ടായിരുന്ന മധു ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. നിര്‍മാണ, സംവിധാന മേഖലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. 2013ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്കി ആദരിച്ചു.

- Advertisement -
Ad image

വിദ്യാര്‍ഥിയായിരിക്കെ നാടക രംഗത്ത് സജീവമായ അദ്ദേഹം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതല്‍ 1959 വരെ നാഗര്‍കോവിലിലെ എസ് ടി ഹിന്ദു കോളജിലും സ്‌കോട്ട് കൃസ്ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായി സേവനമനുഷ്ഠിച്ചു.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തില്‍ കണ്ടതോടെ അധ്യാപക ജോലി രാജിവെച്ച് ഡല്‍ഹിയിലേക്ക് പോയ അദ്ദേഹത്തിന് 1959ല്‍ ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട് ഏക മലയാളിയാണ് മധു.

1962ല്‍ രാമു കാര്യാട്ടിന്റെ മൂടുപടത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. എന്നാല്‍ ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളാണ് ആദ്യം പുറത്തിറങ്ങിയ സിനിമ. നിര്‍മാതാക്കള്‍ സത്യനു വേണ്ടി മാറ്റിവെച്ച വേഷമായിരുന്നെങ്കിലും നായകനായ പ്രേംനസീറിനെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച് മധു ശ്രദ്ധേയനായി. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് മാധവന്‍ നായരെ മധുവെന്ന പേരില്‍ വിളിച്ചത്. 1969ല്‍ ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും മധു അരങ്ങേറി. അമിതാഭ് ബച്ചന്റെ ആദ്യ സിനിമയും ഇതായിരുന്നു.

പ്രേംനസീറും സത്യനും നിറഞ്ഞു നിന്ന കാലത്ത് ക്ഷുഭിത യൗവനവും പ്രണയാതുര കാമുകനുമൊക്കെയായി മധു തന്റേതായ ഇരിപ്പിടം നേടി പ്രേക്ഷകരുടെ മനം കവര്‍ന്നു.
മലയാള സിനിമയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീന്‍ സിനിമയാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. മാനസ മൈനേ വരൂ എന്ന ഗാനം മധുവുമായി ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു.

മൂടുപടം മുതല്‍ നിണമണിഞ്ഞ കാല്‍പ്പാടുകള്‍, തച്ചോളി ഒതേനന്‍, കുട്ടിക്കുപ്പായം, ഭാര്‍ഗ്ഗവീനിലയം, സുബൈദ, ചെമ്മീന്‍, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനല്‍, യുദ്ധകാണ്ഠം, നീതിപീഠം, ഇതാ ഇവിടെ വരെ തുടങ്ങി മാജിക് മൊമന്റ്‌സ് വരെ ഏകദേശം ആറ് പതിറ്റാണ്ടിനിടയില്‍ ഇരുന്നൂറിലേറെ സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്.
1970ല്‍ പ്രിയ മുതല്‍ സിന്ദൂരച്ചെപ്പ്, സാഥി, നീലക്കണ്ണുകള്‍, മാന്യശ്രീ വിശ്വാമിത്രന്‍, കാമം ക്രോധം മോഹം, അക്കല്‍ദാമ, തീക്കനല്‍, ധീരസമീരേ യുമാനാ തീരേ, ആരാധന, ഉയദം പടിഞ്ഞാറ്, ഒരു യുഗസന്ധ്യ എന്നിങ്ങനെ 12 സിനിമകള്‍ സംവിധാനം നിര്‍വഹിച്ചു.

സതി, മാന്യശ്രീ വിശ്വാമിത്രന്‍, അക്കല്‍ദാമ, കാമം ക്രോധം മോഹം, അസ്തമയം, കൈതപ്പൂ, പ്രഭാതസന്ധ്യ, ശുദ്ധികലശം, വൈകി വന്ന വസന്തം, ഗൃഹലക്ഷ്മി, അര്‍ച്ചന ടീച്ചര്‍, ഞാന്‍ ഏകനാണ്, രതിലയം, ഉദയം പടിഞ്ഞാറ്, മിനി എന്നീ 15 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തു.
മലയാള സിനിമ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പറിച്ചു നട്ട കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് അദ്ദേഹം ഉമാ സ്റ്റുഡിയോ സ്ഥാപിച്ചു.


പരേതയായ ജയലക്ഷ്മിയാണ് മധുവിന്റെ ഭാര്യ. ഉമയാണ് മകള്‍.
1980ല്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പുരസ്‌ക്കാരം, 1995ല്‍ കുട്ടികളുടെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനിയ്ക്ക് നിര്‍മാതാവിനുള്ള പുരസ്‌ക്കാരം, 2004ല്‍ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം, 2013ല്‍ പത്മശ്രീ എന്നിവ മധുവിനെ തേടിയെത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!