കാന്തപുരത്തിന്റെ ഉപദേശത്തോടുള്ള വി ഡി സതീശന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് ഐ സി എഫ്

Web Desk
2 Min Read

ദുബൈ: പൊതുജീവിതത്തില്‍ മുസ്ലിംകള്‍ പാലിക്കേണ്ട മാന്യതയുടെയും സാമൂഹിക അച്ചടക്കത്തിന്റെയും ആവശ്യകത ചൂണ്ടിക്കാണിച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഉപദേശത്തോട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പ്രതികരണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ ശ്രീമതി ടീച്ചറും എ കെ ബാലനും ജിന്റോ ജോണും തുടക്കമിട്ട അനാവശ്യവിവാദങ്ങള്‍ ഏറെ ഖേദകരമായിപോയി.

city exchange

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയോ അവകാശങ്ങളെയോ ചോദ്യം ചെയ്യുകയായിരുന്നില്ല കാന്തപുരം ചെയ്തത്. മറിച്ച് സമൂഹത്തിന്റെ സുഗമമായ ഗമനവും സുരക്ഷയും സംബന്ധമായ വീക്ഷണം ചൂണ്ടിക്കാണിക്കുകയാണുണ്ടായത്. മതപണ്ഡിതര്‍ നിര്‍വഹിക്കേണ്ട ദൗത്യമാണത്. അതിനെ ഏതെങ്കിലും പുസ്തകം വായിച്ചുള്ള അറിവ് വെച്ച് അളക്കുകയും അനാവശ്യ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് ഉചിതമായ സമീപനമല്ല.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുപോലെ തന്നെ അവരുടെ മാന്യതയും സുരക്ഷയും ആത്മാഭിമാനവും കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. മതങ്ങള്‍ക്ക് ഈ വിഷയത്തില്‍ വ്യക്തമായ വീക്ഷണങ്ങളുണ്ടാവും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍ നടത്തിയ പ്രതികരണം അദ്ദേഹം ഓര്‍ക്കുന്നുണ്ടാവും. ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണം എന്നുള്ളതാണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഉറച്ച നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് ലംഘിക്കപ്പെടുന്നതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും യു ഡി എഫ് അധികാരത്തില്‍ വരുകയാണെങ്കില്‍ ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളെ സംരക്ഷിച്ചുകൊണ്ട് പുതിയ സത്യവാങ്മൂലം സുപ്രും കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇസ്ലാം മതത്തിന്റെ കാര്യത്തില്‍ ഈ സമീപനം അദ്ദേഹം സ്വീകരിക്കാതിരുന്നത് എന്നത് സംശയാസ്പദമാണ്. ഇസ്ലാമിക വിഷയത്തില്‍ ആധികാരികമായി സംസാരിക്കുന്ന തരത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

കാന്തപുരത്തിന്റെ വാക്കുകളെ വളച്ചൊടിക്കുന്നതിന് പകരം, അദ്ദേഹം മുന്നോട്ടുവെച്ച മാന്യത, അച്ചടക്കം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളുടെ സാമൂഹിക പ്രസക്തിയെയാണ് കേരളം ചര്‍ച്ച ചെയ്യേണ്ടതും ഉള്‍ക്കൊള്ളേണ്ടതും. വിഷയത്തിന്റെ മര്‍മത്തിലേക്ക് വരാതെ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ചില രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ശ്രമിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങളില്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദകള്‍ പോലും പാലിക്കാതെ മത പണ്ഡിതരെ വ്യക്തിഹത്യ നടത്തുകയും ചരിത്രത്തെ വക്രീകരിക്കുകയും ചെയ്യുന്ന നിലപാട് അപലപനീയമാണ്. സംവാദ സംസ്‌കാരത്തില്‍ പുലര്‍ത്തേണ്ട നിലവാരവും മര്യാദയും സംബന്ധമായ ചിന്തകളിലേക്ക് കൂടി ഈ വിവാദം വഴിതുറക്കുകയാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!