
മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐ സി ആര്‍ എഫ് ബഹ്റൈന്‍) അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് വീട്ടുജോലിക്കാരായ സ്ത്രീകള്‍ക്കായി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മനാമയിലെ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ തൊണ്ണൂറോളം സ്ത്രീകള്‍ പങ്കെടുത്തു.

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നതിനൊപ്പം ശാരീരിക പരിശോധനയും ഡോക്ടറുടെ സേവനവും ലഭ്യമാക്കി. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ലക്ഷ്മി ഗോവിന്ദ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. സ്തനാര്‍ബുദം തിരിച്ചറിയുന്നതിനുള്ള സ്വയംപരിശോധനാ രീതികളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.

അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമാരായ മറിയമ്മ കോശി, ശാന്തി തെരേസ നോറോണ, ബിനി ബോബിന്‍ തോമസ്, നീന റേച്ചല്‍ എന്നിവര്‍ ക്യാമ്പിന് ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ തുടര്‍പരിശോധനകളായ അള്‍ട്രാസൗണ്ട്, മാമോഗ്രാം എന്നിവ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലില്‍ സൗജന്യമായി നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഐ സി ആര്‍ എഫ് വിമന്‍സ് ഫോറം അംഗങ്ങളായ ശ്യാമള, നിമ്മി റോഷന്‍, അനു ജോസ്, അല്‍ത്തിയ ഡിസൂസ, ആരതി അഗര്‍വാള്‍, സൃഷ്ടി ജെയിന്‍, സാന്ദ്ര പാലന്ന, രുചി ചക്രവര്‍ത്തി, പാപിയ ഗുഹ, ജെറുഷ, സിസിലിയ എ കുരീത്തറ, രാജേശ്വരി എന്നിവര്‍ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നല്‍കി.
ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഐ സി ആര്‍ എഫ് ബഹ്റൈന്റെ നേതൃത്വത്തില്‍ ലഘുഭക്ഷണം, ഡ്രൈ റേഷന്‍ കിറ്റുകള്‍, ഉച്ചഭക്ഷണം എന്നിവ വിതരണം ചെയ്തു. പരിപാടിയുടെ വിജയത്തിനായി പിന്തുണ നല്‍കിയ സ്‌പോണ്‍സര്‍മാര്‍ക്ക് ഐ സി ആര്‍ എഫ് ബഹ്റൈന്‍ നന്ദി അറിയിച്ചു.

