

ഖാര്‍തും: സുഡാന്‍ സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചു. പ്രധാനമന്ത്രിയെയും മറ്റ് സിവിലിയന്‍ നേതാക്കളെയും കസ്റ്റഡിയിലെടുത്ത സൈന്യം അവരെ വീട്ടുതടങ്കലിലാക്കിയതായാണ് റിപ്പോര്‍ട്ട്.

സൈനികശക്തികള്‍ പ്രധാനമന്ത്രി അബ്ദാല്ല ഹംഡോക്കിനെ വീട്ടില്‍ തടങ്കലിലാക്കിയെന്നും ഭരണത്തിന്റെ നിയന്ത്രണം സൈന്യത്തിന് കൈമാറിയതായി പ്രഖ്യാപനം നടത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചതായും സുഡാനീസ് വാര്‍ത്താ വിതരണ സംസ്‌കാരിക മന്ത്രാലയം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ‘അട്ടിമറി അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ സൈന്യം അജ്ഞാത സ്ഥലത്തേക്ക് മാറ്റിയതായും മന്ത്രാലയം അറിയിച്ചു.

മുഴുവന്‍ ഉന്നത മന്ത്രിസഭാംഗങ്ങളെയും സിവിലിയന്‍ അംഗങ്ങളെയും 2022ലെ ജനാധിപത്യ തെരഞ്ഞെടുപ്പിന് രാജ്യത്തെ ഒരുക്കാന്‍ രൂപീകരിച്ച ഭരണസമിതിയെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അട്ടിമറി വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഖാര്‍തൂമില്‍ ഉള്‍പ്പെടെ ജനങ്ങള്‍ തെരുവുകളിലിറങ്ങി പ്രതിഷേധം തുടങ്ങി. ടയറുകള്‍ കത്തിച്ചും പ്രതിഷേധിക്കുന്നുണ്ട്. ആകാശത്ത് പുകപടലങ്ങള്‍ ഉയരുന്ന ചിത്രങ്ങളും പ്രതിഷേധങ്ങളുടെ കാഴ്ചകളുമാണ് ടെലിവിഷനുകളില്‍ നിറയുന്നത്. ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചതായും ഗതാഗതം തടയുന്നതിനായി സൈന്യം പാലങ്ങള്‍ അടച്ചെന്നും വിവര മന്ത്രാലയം അറിയിച്ചു.
സൈനികരും സിവിലിയന്‍ നേതാക്കളും തമ്മിലുള്ള പങ്കിട്ട അധികാര വടംവലികള്‍ തുടര്‍ക്കഥയായതിനാല്‍ ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍ ഭരണ സ്തംഭനവും സംഘര്‍ഷങ്ങളും രാഷ്ട്രീയ അനിശ്ചിതത്വവും മൂലം തകര്‍ച്ച നേരിടുകയാണ്.
സൈനിക ഭരണ അനുകൂലികള്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് തെരുവുകളിലിറങ്ങിയപ്പോള്‍ അട്ടിമറി നീക്കത്തില്‍ നിന്ന് സൈന്യം പിന്മാറണമെന്നും ജനാധിപത്യ സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജനാധിപത്യ വാദികളും രംഗത്തുണ്ട്.

