
കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ താത്ക്കാലിക സര്‍ക്കാര്‍ രൂപീകരിച്ചു. ഇടക്കാല സര്‍ക്കാരിനെ മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കും. താലിബാന്‍ വക്താവ് സബിലുല്ല മുജാഹിദാണ് ഇക്കാര്യം അറിയിച്ചത്. മുല്ല അബ്ദുല്‍ ഗനി ബരാദറും മുല്ല അബ്ദുസ്സലാമും ഉപപ്രധാനമന്ത്രിമാരാണ്. എല്ലാ മന്ത്രിമാര്‍ക്കും ഉപമന്ത്രിമാരുമുണ്ടാകുമെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ താലിബാന്റെ ശക്തമായ തീരുമാനമെടുക്കുന്ന സംഘമായ റഹ്ബാരി ശൂറയുടെ തലവനാണ് മുല്ല ഹസന്‍. പരമോന്നത നേതാവ് മൗലവി ഹൈബത്തുല്ല അഖുന്‍സാദയാണ് മുല്ല ഹസന്റെ പേര് നിര്‍ദ്ദേശിച്ചത്.

താലിബാന്‍ സ്ഥാപക സ്ഥലമായ കാണ്ഡഹാറില്‍ നിന്നുള്ള മുല്ല ഹസന്‍ സായുധ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളാണ്. റഹ്ബാരി ശൂറയുടെ തലവനായി ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മുല്ല ഹസന്‍ ഒന്നാം താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു.
താലിബാന്‍ സ്ഥാപകന്‍ മുല്ല മുഹമ്മദ് ഒമറിന്റെ മകന്‍ മുല്ല യാക്കൂബാണ് പ്രതിരോധ മന്ത്രി. മുല്ല ഹെബത്തുല്ലയുടെ വിദ്യാര്‍ഥിയായിരുന്നു യാക്കൂബ്.
ഹഖാനി നെറ്റ്‌വര്‍ക്കിന്റെ തലവനും സോവിയറ്റ് വിരുദ്ധ യുദ്ധപ്രഭുവുമായിരുന്ന ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി. മുല്ല അമിര്‍ ഖാന്‍ മുത്താഖിയാണ് വിദേശകാര്യ മന്ത്രി. മുല്ല ഹദേയത്തുല്‍ ബദ്രി ധനമന്ത്രിയുമായി സ്ഥാനമേല്‍ക്കും.
താലിബാനിലെ പുതിയ സര്‍ക്കാരിനോട് ലോകരാഷ്ട്രങ്ങള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അഫ്ഗാനിലെ തങ്ങളുടെ എംബസി അടക്കില്ലെന്നും അഫ്ഗാന്റെ പുനരുദ്ധാരണത്തിനായുള്ള സാമ്പത്തിക പദ്ധതികള്‍ തുടരുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ താലിബാന്‍ വക്താക്കളുമായി ചില ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും സര്‍ക്കാരിനെ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നേരത്തെ സ്വീകരിച്ചിരുന്നത്.
അഫ്ഗാന്റെ താത്ക്കാലിക മന്ത്രിസഭയില്‍ 33 പേരാണുണ്ടാവുക. മറ്റുള്ളവരുടെ വകുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കും. മന്ത്രിസഭ താത്ക്കാലികമാണെന്ന് ഊന്നിപ്പറഞ്ഞ സബിബുല്ല മുജാഹിദ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരേയും ഭരണത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നറിയിച്ചു.
മന്ത്രിസഭയിലുണ്ടാകുന്ന പലരും പഴയ മുഖങ്ങള്‍ തന്നെയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂരിപക്ഷം പേരും പഷ്തൂണ്‍ മേഖലയില്‍ നിന്നുള്ളവരുമാണ്. അഫ്ഗാനിസ്ഥാന്റെ വൈവിധ്യം മന്ത്രിസഭാ രൂപീകരണത്തില്‍ സ്വാധീനിച്ചിട്ടില്ലെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.


