
ആലുവ: ബെന്നി ബഹനാന്‍ എം പിയുടെ ‘ഒപ്പമുണ്ട് എം പി’ എന്ന സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി നടപ്പാക്കി വരുന്ന ‘ഡിജിറ്റല്‍ വിസ്ഡം’ പദ്ധതിയുടെ ആറാം ഘട്ടം ഒ എന്‍ ജി സിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അങ്കമാലി എം പി ഓഫീസില്‍ നടക്കും.

ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ഡിജിറ്റല്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം ആധുനിക നിലവാരത്തിലുള്ള കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിദ്യാലയങ്ങളില്‍ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഒ എന്‍ ജി സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍, അമല ഫെല്ലോഷിപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ പാറയ്ക്കല്‍, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്ത പോള്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചന്‍, മുന്‍ എം എല്‍ എ പി ജെ ജോയ് എന്നിവര്‍ പങ്കെടുക്കും.
