നിയമനിര്‍മാണത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തും: ഖത്തര്‍ നീതിന്യായ മന്ത്രി

Web Desk
2 Min Read

ദോഹ: ഖത്തറിലെ നിയമനിര്‍മാണ സംവിധാനത്തില്‍ ഗുണപരമായ വലിയ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് നീതിന്യായ മന്ത്രിയും മന്ത്രിസഭാ കാര്യങ്ങളുടെ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി. ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള നിയമനിര്‍മാണ രീതിയില്‍നിന്ന് നിയമങ്ങളുടെ സ്വാധീനം വിലയിരുത്തുന്ന സംവിധാനത്തിലേക്ക് മാറുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നീതി നിയമവിദഗ്ധരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും വ്യക്തിയില്‍നിന്ന് ആരംഭിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ മൂല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

city exchange

ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ നടന്ന ‘പ്രസിഡന്റ്‌സ് ഡയലോഗ് സീരീസ്’ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമനിര്‍മാണത്തിന്റെ സ്വാധീനം വിലയിരുത്തുന്ന രീതിക്ക് രണ്ട് ഘട്ടങ്ങളുണ്ടാകും. നിയമം നടപ്പാക്കുന്നതിന് മുമ്പുള്ള പ്രാഥമിക സ്വാധീന വിലയിരുത്തലും നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള പുനഃപരിശോധനാ സ്വാധീന വിലയിരുത്തലും ഇതില്‍ ഉള്‍പ്പെടും. നിയമങ്ങളും ഭരണപരമായ തീരുമാനങ്ങളും ലക്ഷ്യമിട്ട ഫലങ്ങള്‍ കൈവരിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനും സേവനങ്ങള്‍ നല്‍കുന്നതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗങ്ങളും സംവിധാനങ്ങളും കണ്ടെത്തുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്.

സാങ്കേതികവിദ്യയുടെയും നിര്‍മിത ബുദ്ധിയുടെയും വളര്‍ച്ചയെക്കുറിച്ച് സംസാരിച്ച മന്ത്രി, സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റല്‍ പരിവര്‍ത്തനം അനിവാര്യവും ആവശ്യവുമാണെന്ന് പറഞ്ഞു. എന്നാല്‍ സാങ്കേതികവിദ്യ ഒരു ഉപാധി മാത്രമാണെന്നും ലക്ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമങ്ങളും നടപടിക്രമങ്ങളും കൂടുതല്‍ മാനുഷികമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, സാങ്കേതികവിദ്യയിലൂടെ ലഭിക്കുന്ന വിവരങ്ങളും ഫലങ്ങളും മനുഷ്യരുടെ പരിശോധനയ്ക്ക് വിധേയമാക്കണം. ഇലക്ട്രോണിക് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ബദല്‍ സേവന മാര്‍ഗങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

സുതാര്യതയും ജനപങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും മന്ത്രി വിശദീകരിച്ചു. നയങ്ങള്‍, നിയമങ്ങളുടെ കരടുകള്‍, നിലവിലുള്ള നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയുന്നതിനായി ‘ഷാരെക്’ സംവേദനാത്മക പ്ലാറ്റ്ഫോമിന്റെ ഉപയോഗം വിപുലീകരിച്ചുവരികയാണ്. സമൂഹത്തിലെ എല്ലാവര്‍ക്കും നിയമവിവരങ്ങള്‍ എളുപ്പത്തിലും വസ്തുനിഷ്ഠമായും ലഭ്യമാക്കുന്നതിനായി നീതിന്യായ മന്ത്രാലയം ‘അല്‍ മീസാന്‍’ ഖത്തര്‍ ലീഗല്‍ പോര്‍ട്ടലും വികസിപ്പിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക നീതി സംബന്ധിച്ച് ഖത്തര്‍ ഭരണഘടന നീതിയെ സമൂഹത്തിന്റെ അടിസ്ഥാന തൂണുകളിലൊന്നായി അംഗീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നന്മ, സ്വാതന്ത്ര്യം, സമത്വം, ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ എന്നിവയ്‌ക്കൊപ്പമാണ് നീതിയെയും ഭരണഘടന അടിസ്ഥാന മൂല്യമായി പരിഗണിക്കുന്നത്. സമൂഹത്തിലെ ഓരോ വ്യക്തിയും മാതൃകാപരമായ പെരുമാറ്റം സ്വീകരിക്കുകയും വ്യക്തിപരമായ ഉത്തരവാദിത്തം നിറവേറ്റുകയും വേണം. ഇതിലൂടെ നീതി നിയമത്തിലെ ഒരു വാചകം മാത്രമല്ലാതെ ദൈനംദിന സാമൂഹിക ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഓരോ വ്യക്തിയും ബോധവാന്മാരായിരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ തരത്തിലുള്ള ഇടപാടുകളും കരാറുകളും നിയമപരമായി രേഖപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രേഖപ്പെടുത്തുന്നത് പരസ്പര വിശ്വാസമില്ലായ്മയുടെ സൂചനയല്ലെന്നും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും തര്‍ക്കങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!