കര്‍ണാടകയില്‍ ഹിന്ദു തീവ്രവാദികള്‍ ക്രിസ്മസ് ആഘോഷം തടഞ്ഞു

Web Desk
1 Min Read

ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഹിന്ദു തീവ്രവാദികള്‍ തടഞ്ഞു. സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തിയ തീവ്രവാദി സംഘം ഗണേശോത്സവം ആഘോഷിക്കാനും സരസ്വതീ ദേവിയുടെ ചിത്രം വെക്കാനുമാണ് ആവശ്യപ്പെട്ടത്.

city exchange

കര്‍ണാടകയില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹിന്ദു തീവ്രവാദികള്‍ കൃസ്ത്യാനികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയും പ്രാര്‍ഥനകള്‍ തടയുകയും വിശുദ്ധ ഗ്രന്ഥങ്ങള്‍ കത്തിക്കുകയും ചര്‍ച്ചിന് കല്ലെറിയുകയും ചെയ്യുന്നുണ്ട്.

മാണ്ഡ്യയിലെ നിര്‍മല ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആന്റ് കോളജിലെത്തിയാണ് തീവ്രവാദി സംഘം ക്രിസ്മസ് ആഘോഷം തടഞ്ഞത്. ഗണേശോത്സവം ആഘോഷിക്കാന്‍ ആവശ്യപ്പെട്ട അക്രമി സംഘം സരസ്വതി ദേവിയുടെ ചിത്രം സ്‌കൂളില്‍ വെയ്ക്കണമെന്നും ഭീഷണിപ്പെടുത്തിയതായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു.

- Advertisement -
Ad image

എല്ലാ വര്‍ഷവും ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുള്ള സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ആഘോഷങ്ങളുണ്ടായിരുന്നില്ലെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. കുട്ടികള്‍ തന്നെയാണ് കേക്കുകള്‍ വാങ്ങിയതെങ്കിലും ഒരു കുട്ടിയുടെ രക്ഷിതാവ് ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായും കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു. എതിര്‍പ്പുപ്രകടിപ്പിച്ച രക്ഷിതാവ് ഹിന്ദു തീവ്രവാദി വിഭാഗവുമായി ബന്ധപ്പെട്ടുകയും മതപരിവര്‍ത്തനം ആരോപിച്ച് സ്‌കളിന് നേരെ തിരിയുകയുമായിരുന്നു. എന്നാല്‍ മതപരിവര്‍ത്തന ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. ഇത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് ദക്ഷിണ കര്‍ണാടകയിലെ ചിക്കബല്ലാപുര്‍ ജില്ലയില്‍ 160 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും അജ്ഞാത സംഘം തകര്‍ത്തത്. ഈ മാസത്തിന്റെ തുടക്കത്തില്‍ കര്‍ണാടകയിലെ കോലാറില്‍ കൃസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. മതപരിവര്‍ത്തനം ആരോപിച്ചാണ് ഹിന്ദു തീവ്രവാദി വിഭാഗങ്ങള്‍ കൃസ്ത്യന്‍ സഭകള്‍ക്കെതിരെ തിരിയുന്നത്. നിയമസഭയില്‍ കര്‍ണാടക മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് പല ഭാഗങ്ങളിലായി ആക്രമണം രൂക്ഷമായത്. ഇതിനെതിരെ കൃസ്ത്യന്‍ സഭകള്‍ കര്‍ണാടകയില്‍ പ്രകടനം നടത്തിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തന ബില്ലിനെതിരെ കൃസ്ത്യന്‍ സഭകളും നിരവധി സംഘടനകളും കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!