
മനാമ: ബഹ്റൈനില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മലയാളി യുവാവ് മരിച്ചു. തൃശ്ശൂര്‍ വേലൂര്‍ സ്വദേശി അഖില്‍ (36) ആണ് യാത്രക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ബഹ്റൈനില്‍ ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു അഖില്‍.

വിമാനം പറന്നുയര്‍ന്ന് ഏകദേശം രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരുന്ന അഖിലിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തില്‍ ഡോക്ടര്‍മാരുണ്ടോയെന്ന് അന്വേഷിച്ച് അനൗണ്‍സ്മെന്റ് നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം അടിയന്തരമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു. കൊച്ചിയില്‍ എത്താന്‍ അരമണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ നിര്‍ണായക തീരുമാനം എടുത്തത്.

കണ്ണൂരില്‍ വിമാനം ഇറങ്ങിയതോടെ അഖിലിന്റെ ഭാര്യയെയും ആറുവയസ്സുള്ള മകളെയും ആശങ്കാജനകമായ അവസ്ഥയില്‍ അധികൃതര്‍ വിമാനത്തില്‍ നിന്നും പുറത്തിറക്കി
കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനും അഖിലിന്റെ സുഹൃത്തും ‘സോപാനം’ ഗ്രൂപ്പ് അംഗവുമായ ശരത്ത് കൂടെ ഇറങ്ങി. പിന്നീട് വിമാനം കൊച്ചിയിലേക്കുള്ള യാത്ര തുടര്‍ന്നു.
കൊച്ചിയില്‍ വിമാനം എത്തിയതിന് പിന്നാലെയാണ് അഖിലിന്റെ മരണം സ്ഥിരീകരിച്ചതായി സഹയാത്രികര്‍ക്ക് അറിയിപ്പ് ലഭിച്ചത്.

