മൃഗസംരക്ഷണ മേഖലയ്ക്ക് എട്ട് പുതിയ ഇ-സേവനങ്ങളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

Web Desk
1 Min Read

ദോഹ: മൃഗവിഭവ വകുപ്പിന് കീഴില്‍ എട്ട് പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ച് ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം. ഇതോടെ കന്നുകാലി വളര്‍ത്തുന്നവര്‍ക്കും മൃഗസംരക്ഷണ പദ്ധതികളുടെ ഉടമകള്‍ക്കും ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പരിശോധന തുടങ്ങിയ നടപടികള്‍ സേവനകേന്ദ്രങ്ങളില്‍ നേരിട്ടെത്താതെ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം.

city exchange

മൃഗസംരക്ഷണ പദ്ധതികളുടെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പുതുതായി ലഭ്യമാക്കിയിരിക്കുന്നത്. മൃഗസംരക്ഷണ പദ്ധതിക്ക് നിര്‍മാണ ലൈസന്‍സ് നല്‍കല്‍, പ്രവര്‍ത്തന ലൈസന്‍സ് നല്‍കല്‍, പദ്ധതികളുടെ ഫീല്‍ഡ് പരിശോധന, നിര്‍മാണ അല്ലെങ്കില്‍ പ്രവര്‍ത്തന ലൈസന്‍സില്‍ മാറ്റം വരുത്തല്‍, ലൈസന്‍സ് റദ്ദാക്കല്‍, നിര്‍മാണ ലൈസന്‍സ് പുതുക്കല്‍, പ്രവര്‍ത്തന ലൈസന്‍സ് പുതുക്കല്‍, പുതിയ മൃഗസംരക്ഷണ പദ്ധതി സംബന്ധിച്ച അന്വേഷണം രജിസ്‌ട്രേഷന്‍ എന്നിവയാണ് പുതിയ ഇ-സേവനങ്ങള്‍.

മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ദേശീയ ഇലക്ട്രോണിക് തിരിച്ചറിയല്‍ സംവിധാനമായ തൗതീഖ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ആവശ്യമായ ഇ-സേവനം തിരഞ്ഞെടുക്കണം. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും ആവശ്യപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യുകയും നിബന്ധനകള്‍ അംഗീകരിച്ച് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുകയും ചെയ്യാം. അപേക്ഷയുടെ പുരോഗതി ഉപയോക്താവിന്റെ വ്യക്തിഗത അക്കൗണ്ട് വഴി പിന്നീട് പരിശോധിക്കാനും സാധിക്കും.

കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുക, ലൈസന്‍സ് നല്‍കല്‍, ഭേദഗതി, പുതുക്കല്‍, പരിശോധന തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കുക, അപേക്ഷകളുടെ തുടര്‍നടപടികള്‍ ലളിതമാക്കുക, സേവനകേന്ദ്രങ്ങളിലേക്കുള്ള നേരിട്ടുള്ള സന്ദര്‍ശനം കുറയ്ക്കുക എന്നിവയാണ് ഡിജിറ്റല്‍ സേവനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മൃഗസംരക്ഷണ മേഖലയിലെ നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനും മൃഗവിഭവങ്ങളുടെ സംരക്ഷണത്തിനും പുതിയ സേവനങ്ങള്‍ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്ക് 184 എന്ന നമ്പറില്‍ ബന്ധപ്പെടാം. മന്ത്രാലയത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ ചാനലുകളിലും അല്‍ബലദിയ എന്ന ഹാന്‍ഡിലില്‍ വിവരങ്ങള്‍ ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!