

ആലുവ: പി എഫ് തുക കിട്ടാത്തതിനെ തുടര്‍ന്ന് കൊച്ചിയിലെ ഇ പി എഫ് റീജണല്‍ ഓഫീസിലെ ശുചിമറിയില്‍ കയറി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം പി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിനെ നേരില്‍കണ്ട് നിവേദനം നല്‍കി.

ആധാര്‍ രേഖയിലെ ജനനത്തിയ്യതി പിഴവ് ചൂണ്ടിക്കാട്ടിയാണ് തനിക്ക് പ്രൊവിഡന്റ് തുക നിഷേധിച്ചതെന്നാണ് ശിവരാമന്‍ തന്റെ ആത്മഹത്യ കുറുപ്പില്‍ പറഞ്ഞിട്ടുള്ളത്. പി എഫ് ആനുകൂല്യത്തിനായി ശിവരാമന്റെ അപേക്ഷ നിലവിലില്ലെന്ന വാദമാണ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഉന്നയിച്ചത്.

ഒമ്പത് വര്‍ഷം മുമ്പ് അപ്പോളോ ടയേഴ്സില്‍ നിന്ന് വിരമിച്ച തൊഴിലാളിയാണ് ശിവരാമന്‍. വിരമിച്ച ശേഷം കൊച്ചി കലൂരിലുള്ള ഇ പി എഫ് ഓഫീസില്‍ പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചു. എന്നാല്‍ ജീവനക്കാരുടെ പല തരത്തിലുള്ള അനാസ്ഥ കാരണം പി എഫ് തുക ലഭിച്ചില്ല.
കാന്‍സര്‍ രോഗി കൂടിയായ ശിവരാമന് അതുകൊണ്ടുതന്നെ ചികിത്സാ ചെലവുകള്‍ക്കടക്കം സാമ്പത്തിക ഞെരുക്കമുണ്ടായി. ഈ കാര്യങ്ങളെല്ലാം ഉന്നയിച്ച് പതിവായി ഇ പി എഫ് ഓഫീസുമായി ബന്ധപ്പെട്ട ശിവരാമന് അനുകൂലമായ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇതില്‍ മനം നൊന്താണു ശിവരാമന്‍ ആത്മഹത്യ ചെയ്തത്. കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ബെന്നി ബഹനാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

