
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നേരിടാന്‍ ഇന്ത്യന്‍ സേനയ്ക്ക് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പാകിസ്താന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്നു ആവര്‍ത്തിച്ച നരേന്ദ്ര മോഡി സിന്ധു നദി ജല കരാറില്‍ പുനരാലോചനയില്ലെന്നും പറഞ്ഞു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

രാജ്യത്തെ യുവജനങ്ങള്‍ക്ക് വേണ്ടി ഒരുലക്ഷം കോടിയുടെ പദ്ധതി നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വികസിത് ഭാരത് റോസ്ഗാര്‍ യോജനയുടെ ഭാഗമായി 3.5 കോടി യുവജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിക്കുന്ന യുവജനങ്ങള്‍ക്ക് ഒറ്റവത്തവണയായി 1500 രൂപ ലഭിക്കും.
ദൈനംദിനാവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ജി എസ് ടി കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദീപാവലിയോടെ ജി എസ് ടി പരിഷ്‌കരിക്കുമെന്നും വില കുറയുന്നതോടെ സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്നും മോഡി പറഞ്ഞു. ലോകവിപണി ഇന്ത്യ നിയന്ത്രിക്കുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
നൂതന ആശയങ്ങള്‍ക്കായി അഭ്യര്‍ഥിച്ച പ്രധാനമന്ത്രി അതിനായി യുവാക്കളാണ് മുന്‍കൈ എടുക്കേണ്ടതെന്നും ആവശ്യപ്പെട്ടു.
കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ല് എന്നു പറഞ്ഞ മോഡി ഇന്ത്യ ഭക്ഷ്യസുരക്ഷ നേടിയതായി വ്യക്തമാക്കി. സ്വന്തം കരുത്തിലും കഴിവലും ഇന്ത്യയ്ക്ക് വിശ്വാസമുണ്ട്. അതാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ വഴി. ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട സാഹചര്യം ഇന്ത്യയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോഡി ചെങ്കോട്ടയില്‍ എത്തിയത്. ‘നവ ഭാരതം’ എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം.

