സാംസ്‌കാരിക വൈവിധ്യങ്ങളുടെ സംഗമവേദിയായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഡേ

Web Desk
1 Min Read

ദോഹ: ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം ആഭിമുഖ്യത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി)യും തനിമ ഖത്തറും സംയുക്തമായി സംഘടിപ്പിച്ച ‘ഇന്ത്യന്‍ കള്‍ച്ചറല്‍ ഡേ 2026’ ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യങ്ങളുടെ സംഗമവേദിയായി. ഇന്ത്യയും ഖത്തറും തമ്മിലുളള സാംസ്‌കാരിക- സൗഹൃദ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുക, ഇരുസമൂഹങ്ങളും തമ്മിലുള്ള ആശയകൈമാറ്റത്തിന് വേദിയൊരുക്കുക തുടങ്ങിയ മന്ത്രാലയം നയങ്ങളുടെ ഭാഗമായി നടന്ന പരിപാടികള്‍ക്ക് ബൈതുല്‍ സുലൈത്തിയിലാണ് വേദിയൊരുങ്ങിയത്.

city exchange

കേരളം, തമിഴ്നാട്, കാശ്മീര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ പാട്ടുകള്‍, സംഗീത പരിപാടികള്‍, പരമ്പരാഗത നാടന്‍ കലാരൂപങ്ങള്‍, കലാപ്രദര്‍ശനങ്ങള്‍ തുടങ്ങിയ തനത് കലാ- സാംസ്‌കാരിക- നൃത്ത സംഗീത പരിപാടികള്‍ക്കൊപ്പം വിവിധയിനം കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, വിവിധ പ്രാദേശികരുചി ഭേദങ്ങള്‍ സമ്മേളിച്ച ഭക്ഷണവിഭവങ്ങള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകള്‍, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നതയും വൈവിധ്യവും വിളിച്ചോതുന്ന സാംസ്‌കാരിക പൈതൃകങ്ങളും വശ്യമനോഹരമായ പ്രകൃതിദൃശ്യങ്ങളും നിറങ്ങളില്‍ ആവാഹിച്ചൊരുക്കിയ പെയിന്റിംഗുകളുടെ പ്രദര്‍ശനം, ലൈവ് പെയിന്റിംഗ്, കാലിഗ്രാഫി, ഫോട്ടോ പ്രദര്‍ശനം തുടങ്ങിയവയും പരിപാടികള്‍ക്ക് തിളക്കമേറ്റി. തനിമ ഖത്തര്‍, മലര്‍വാടി, യൂത്ത്ഫോറം, ഫ്യൂഷന്‍ മൂവേഴ്സ്, എം കെ പി അസോസിയേഷന്‍, ഗേള്‍സ് ഇന്ത്യ തുടങ്ങിയ വിവിധവേദികളില്‍ നിന്നുള്ള കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്.

ഖത്തറിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനങ്ങളോടെ ആരംഭിച്ച പരിപാടി സാംസ്‌കാരിക മന്ത്രാലയം പ്രതിനിധി സാലിഹ് ഗരീബ് ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡണ്ട് ആര്‍ എസ് അബ്ദല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.

ഫാത്വിമ അസ്സഹറാ ഈനാന്‍ (കള്‍ച്ചറല്‍ മിനിസ്ട്രി), ജനറല്‍ കണ്‍വീനര്‍ നഹിയാബീവി, തനിമ ഡയറക്ടര്‍ ജസീം സി കെ, സുഹൈല്‍ ശാന്തപുരം, നൗഫല്‍ പാലേരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!