

ദോഹ: അധ്യാപക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തുമാമയിലെ അമേരിക്കന്‍ സ്‌കൂള്‍ ഓഫ് അക്കാദമിയിലെ അറ്റ്‌ലന്‍ സ്‌പോര്‍ട്‌സ് ഹാളില്‍ അധ്യാപകര്‍ക്കായി കായിക പരിപാടികള്‍ നടത്തി. ഇരുന്നൂറോളം അധ്യാപകര്‍ പങ്കെടുത്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

ഖത്തറിലെ 19 ഇന്ത്യന്‍ സ്‌കൂളില്‍ നിന്നുള്ള അധ്യാപകര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. അധ്യാപകര്‍ക്കിടയിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും സാമൂഹിക ബോധം വളര്‍ത്തുന്നതിനുമാണ് ആഘോഷ പരിപാടി ആസൂത്രണം ചെയ്തത്.


ഫുട്‌ബോള്‍, വടംവലി, ത്രോ ബോള്‍ എന്നിവ ടീം മത്സരങ്ങളായും മ്യൂസിക്കല്‍ ചെയര്‍, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റൈസ്, പെനാല്‍റ്റി കിക്ക്, ബാസ്‌ക്കറ്റ്‌ബോള്‍ ത്രോ എന്നിവ വ്യക്തിഗത മത്സരങ്ങളുമായി സംഘടിപ്പിച്ചു.
സമാപന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ എസ് സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍ വിശിഷ്ടാതിഥിയായിരുന്നു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗലു, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, അപെക്‌സ് ബോഡി ഭാരവാഹികളായ മോഹന്‍ കുമാര്‍, എബ്രഹാം ജോസഫ്, കെ വി ബോബന്‍, മുഹമ്മദ് കുഞ്ഞി, സറീന അഹദ്, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.

വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ പങ്കാളിത്തമുള്ള സ്‌കൂളിനും അംഗീകാരം ലഭിച്ചു. സ്‌കൂളുകളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
ഐ എസ് സി വൈസ് പ്രസിഡന്റ് ജോണ്‍ ദേശാ, ജനറല്‍ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, എം സി അംഗങ്ങളായ ശാലിനി തിവാരി, തൃപ്തി കാല, പുരുഷ്, ദീപേഷ് ഗോവിന്ദന്‍കുട്ടി, ദീപക് ചുക്കാല എന്നിവര്‍ നേതൃത്വം നല്‍കി.

