അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം മക്കയില്‍; ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷന്‍

Web Desk
1 Min Read

മക്ക: സൗദി അറേബ്യന്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രല്‍ അഥോറിറ്റി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ഇസ്‌ലാമിക വിദ്യാഭ്യാസ സമ്മേളനം സെപ്തംബര്‍ 23ന് ശനിയാഴ്ച മക്കയില്‍ ആരംഭിക്കും.

city exchange

ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും. പതിനൊന്ന് സെഷനുകളിലായി മുപ്പത്തിയാറ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് പര്‍ച്ചക്ക് വിധേയമാക്കും. കൂടാതെ നാല് പരിശീലന സെഷനുകളുമുണ്ടാവും. മക്കാ ഹോളിഡേ ഇന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.

ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെ ആധികാരികതയും നിലപാടുകളും, ആധുനിക ജീവിതത്തില്‍ ഇസ്‌ലാമിക നിയമങ്ങളുടെ അനിവാര്യത, വാണിജ്യ രംഗത്തെ നൂതന ഇടപാടുകള്‍, നിര്‍മ്മിത ബുദ്ധി ഉപയോഗത്തിലെ മത തത്വങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളില്‍ പാലിക്കേണ്ട സൂക്ഷ്മത, സാംസ്‌കാരിക വൈവിധ്യവും ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകളും, മത പ്രമാണങ്ങളുടെ അക്ഷരാര്‍ഥങ്ങളും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും, മാറുന്ന സാഹചര്യങ്ങളും ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണവും തുടങ്ങിയവയാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.

- Advertisement -
Ad image

സൗദി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്ന് കീഴിലുള്ള പഠന ഗവേഷണ കേന്ദ്രങ്ങളും മദീനാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, മക്കാ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റി, റിയാദ് കിങ് സൗദ് യൂണിവേഴ്‌സിറ്റി, ജിദ്ദാ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലേയും വിദേശ യൂണിവേഴ്‌സിറ്റികളിലെയും പ്രൊഫസര്‍മാരാണ് പരിപാടിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. അവരില്‍ വനിതകളുമുണ്ടെന്നത് ശ്രദ്ധേയമാണ്.

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കാ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയ ഡോ. ഹുസൈന്‍ മടവൂര്‍ രണ്ടാമത്തെ അക്കാദമിക സെഷനില്‍ അധ്യക്ഷത വഹിക്കും. ലോക രാഷ്ട്രങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കാനുള്ള സൗദി അറേബ്യന്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രല്‍ അഥോറിറ്റിയുടെ ക്ഷണം ഒരു ഇന്ത്യക്കാരനെന്ന നിലയിലും മക്കയിലെ പൂര്‍വ്വ വിദ്യാര്‍ഥി എന്ന നിലയിലും അഭിമാനകരമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ഒരു മാസത്തിനുള്ളില്‍ മൊറോക്കോവിലും മക്കയിലും നടന്ന പണ്ഡിത സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Share This Article
Leave a Comment
error: Content is protected !!