Connect with us

NEWS

അന്താരാഷ്ട്ര കരിക്കുലം ചര്‍ച്ചക്കായി ഡോ. ഹുസൈന്‍ മടവൂര്‍ സൗദിയിലേക്ക്

Published

on


മദീന: ആഗോള തലത്തില്‍ അറബി ഭാഷാധ്യാപനം മെച്ചപ്പെടുത്തുന്നതിന്നുള്ള നൂതന കരിക്കുലം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രമുഖ അറബി ഭാഷാപണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂര്‍ സൗദിയിലേക്ക് പുറപ്പെടും. അറബി ഭാഷയുടെ പുതിയ സാധ്യതകള്‍ മനസ്സിലാക്കി അനറബി രാഷ്ട്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്ന മദീനയിലെ അറബി ഭാഷാ അക്കാദമിയാണ് ആതിഥേയര്‍.

ഏഷ്യന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലുള്ള ഇരുപത്തിരണ്ട് രാഷ്ട്രങ്ങളിലെ ഒന്നാം ഭാഷയാണ് അറബി. ഈ രാഷ്ട്രങ്ങളുടെ ആഗോള കൂട്ടായ്മയാണ് അറബ് ലീഗ് എന്നറിയപ്പെടുന്ന ലീഗ് ഓഫ് അറബ് നാഷന്‍സ്. കൂടാതെ അറബിഭാഷ രണ്ടാം ഭാഷയായുള്ള പത്തോളം രാഷ്ട്രങ്ങള്‍ വേറെയുമുണ്ട്.
അവിടങ്ങളിലുള്ള നാല്‍പത്തിയഞ്ച് കോടിയിലധികം ആളുകളുടെ മാതൃഭാഷയും വിനിമയ ഭാഷയുമാണ് അറബി. ഐക്യരാഷ്ട്ര സഭയില്‍ അംഗീകാരമുള്ള ആറ് ലോക ഭാഷകളില്‍ ഒന്നാണ് അറബി. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിച്ച് വരുന്ന തൊഴില്‍ മേഖലകളില്‍ അറബി ഭാഷ കൈകാര്യം ചെയ്യാനറിയുന്നവര്‍ക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴില്‍ ലഭിക്കാന്‍ ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ചുള്ള അധ്യാപനവും പഠനവുമാണ് ഇനി വേണ്ടത്. അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും അറബ് രാജ്യങ്ങളുമായുള്ള വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ പരിഗണിച്ച് നിരവധി അറബി ഭാഷാ പരിശീലന സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സൗദിയിലെ കിംഗ് സല്‍മാന്‍ ഗ്ലോബല്‍ അക്കാദമി ഫോര്‍ അറബിക് ലാംഗ്വേജ് ലോക രാജ്യങ്ങളില്‍ അറബി ഭാഷാ പരിശീലന പരിപാടികള്‍ നടത്തി വരുന്നുണ്ട്. പ്രസ്തുത അക്കാദമി ഇന്ത്യയില്‍ സംഘടിപ്പിച്ച അറബി ഭാഷാധ്യാപന പരിശീലന പരിപാടിയില്‍ ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളെജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന ഹുസൈന്‍ മടവൂര്‍ കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സി അറബിക് പി ജി അക്കാദമിക് കമ്മിറ്റി ചെയര്‍മാനാണ്. മക്കയിലെ ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ബിരുദ ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഹുസൈന്‍ മടവൂര്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് അറബി ഭാഷയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ഡല്‍ഹിയിലെ ഹ്യുമന്‍ റിസോഴ്‌സ് ഫൗണ്ടേഷന്‍ (എച്ച് ആര്‍ ഡി എഫ്) ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും അമേരിക്ക, ബ്രിട്ടണ്‍, മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ സന്ദര്‍ശിക്കുകയും അറബി ഭാഷയില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ തുടങ്ങിയ കേന്ദ്രസര്‍വ്വകലാശാലകളില്‍ നടക്കുന്ന യു ജി സി അധ്യാപക പരിശീലന പരിപാടികളില്‍ അറബി ഭാഷാ പരിശീലകനായി പങ്കെടുക്കാറുണ്ട്.

സൗദിയിലെ വിവിധ സര്‍വ്വകലാശാലകളും അക്കാദമികളും അനറബി വിദ്യാര്‍ഥികള്‍ക്കായി അറബി ഭാഷാധ്യാപന കേന്ദ്രങ്ങള്‍ നടത്തിവരുന്നുണ്ട്. ഓണ്‍ലൈന്‍ ആയി അറബി ഭാഷ പഠിക്കാനുള്ള സംവിധാനങ്ങളും അവിടെയുണ്ട്. അറബിഭാഷാ അക്കാദമികള്‍ തമ്മില്‍ ബോധനരീതികള്‍ കൈമാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ച് വരുന്നുണ്ട്. ആധുനിക സാങ്കേതിക സംവിധാനങ്ങളും നിര്‍മ്മിത ബുദ്ധിയുപയോഗിച്ചുള്ള ഭാഷാധ്യാപക പരിശീലനവും വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും.

ഈ മാസം ആദ്യത്തില്‍ ദുബൈയില്‍ നടന്ന അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തിലും ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുത്തിരുന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തിന്നായി തിങ്കളാഴ്ച മദീനയിലെത്തുന്ന ഡോ. ഹുസൈന്‍ മടവൂര്‍ മക്കാ സന്ദര്‍ശനം കഴിഞ്ഞ് വെള്ളിയാഴ്ച തിരിച്ചെത്തും.


error: Content is protected !!