ഇന്ത്യ സഖ്യത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി കേരളത്തിലെ ന്യൂസ് 18 ചാനലിലെ ചര്‍ച്ചകളും ബഹിഷ്‌ക്കരിക്കണം: ഷാഫി ചാലിയം

Web Desk
3 Min Read

ദോഹ: പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത ചാനലുകളും അവതാരകരും ഉള്‍പ്പെടുന്നവര്‍ കേരളത്തിലുണ്ടെങ്കില്‍ വിശാല കാഴ്ചപ്പാടില്‍ അവരെ ഒഴിവാക്കാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുസ്‌ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു. ഹൃസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

ഇന്ത്യ ബഹിഷ്്ക്കരിക്കാന്‍ ആഹ്വാനം ചെയ്ത ചാനലുകളില്‍ ന്യൂസ് 18 ഉണ്ട്. അവര്‍ക്ക് മലയാളത്തിലും ചാനലുണ്ട്. സംഘപരിവാരത്തിന്റെ ചാനലുകള്‍ പോലെയാണ് കേരളത്തില്‍ ന്യൂസ് 18 പ്രവര്‍ത്തിക്കുന്നത്. ന്യൂസ് അവറുകളില്‍ ഒരു ബി ജെ പിക്കാരനെ നിരീക്ഷകനായി ഇരുത്തുന്ന അവര്‍ പിറ്റേന്ന് ബി ജെ പി പ്രതിനിധിയായി അതേ ആളെ അവതരിപ്പിക്കും. മറ്റൊരു ദിവസം നിയമജ്ഞനായി ഇതേ ആളെത്തും. ഇങ്ങനെയാണ് അവര്‍ ചെയ്യുന്നത്. ഈ ചാനലുകളോട് സഹരിക്കേണ്ടെന്ന ഇന്ത്യയുടെ തീരുമാനം പ്രകാരം അവയിലേതെങ്കിലും കേരളത്തിലുണ്ടെങ്കില്‍ അത് ബഹിഷ്‌ക്കരിക്കേണ്ടി വരും. ഇത്തരം ചാനലുകള്‍ മോഡി സ്തുതി പാഠകരും ഇന്ത്യന്‍ ജനാധിപത്യത്തിന് എതിരുമാണ്. ഇന്ത്യയെ ഒരു ഫാസിസ്റ്റ് രാഷ്ട്രമാക്കാന്‍ വേണ്ടി മാത്രം നിലകൊള്ളുന്നവരാണ് ഇവര്‍. ഇത്തരം ചാനലുകളില്‍ ചര്‍ച്ചയ്ക്ക് പോകില്ലെന്ന് പറയുന്നതിന് ഒരുപാട് അര്‍ഥമുണ്ട്. ഇത്തരം ചാനലുകള്‍ വലിയ നുണകള്‍ പ്രചരിപ്പിക്കുന്നു എന്ന സന്ദേശം കൂടിയാണ് അത് നല്‍കുന്നത്.

കേരളത്തിലെ ചാനലുകളിലെ അവതാരകരില്‍ ഭൂരിപക്ഷവും മികച്ച മതേതരത്വം പുലര്‍ത്തുന്നവരാണ്. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് പലപ്പോഴും അതില്‍ ഉള്‍പ്പെടാത്തത്.

- Advertisement -
Ad image

സനാതന ധര്‍മത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ചാനലുകള്‍ വിളിച്ചപ്പോള്‍ താനത്തരം ചര്‍ച്ചയില്‍ നിന്ന മാറിനില്‍ക്കുകയാണ് ചെയ്തത്. കാരണം മറ്റൊരു മതത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല.

ബി ജെ പിയുടെ സാന്നിധ്യംകൊണ്ടു മാത്രം കേരളത്തില്‍ അധികാരത്തിലേറാന്‍ സാധിക്കുന്ന വിഭാഗമാണ് ഇടതുമുന്നണി. ബി ജെ പിക്ക് കേരളത്തിലൊരു ഭാവിയുമില്ല.

ഇടതുപക്ഷത്തേക്ക് പോകേണ്ടതുണ്ടോ എന്ന ഒരു ചര്‍ച്ച പോലും മുസ്‌ലിം ലീഗില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സംഘപരിവാര്‍ കേന്ദ്ര ഭരണവും അവരുടെ പ്രതിനിധിയായ ഗവര്‍ണറേയും ഉപയോഗിച്ച് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കടന്നുകയറ്റത്തിന് ശ്രമം നടത്തിയപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് മുസ്‌ലിം ലീഗ് സ്വീകരിച്ചപ്പോള്‍ അത് ഇടതുപക്ഷത്തെ സന്തോഷിപ്പിച്ചു. സംഘ്പരിവാറിനോടുള്ള സമീപനമാണ് ലീഗിന്റേത്. അല്ലാതെ ഇടതുപക്ഷം ഞങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് പറഞ്ഞിട്ടില്ല. മുസ്‌ലിം ലീഗിനെ കുറിച്ച് ഇടതുപക്ഷം നല്ലത് പറയുന്നത് അത് പലപ്പോഴും കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കാനാണ്.

സംഘടന എന്ന നിലയില്‍ സമസ്തയില്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. അവരുടെ പ്രശ്‌നങ്ങള്‍ അവരാണ് പരിഹരിക്കുക. അതില്‍ മുസ്‌ലിം ലീഗിന് കാര്യമൊന്നുമില്ല. സമുദായ സംഘടനകളുമായി ലീഗിന് നല്ല ബന്ധമുള്ളതിനാല്‍ സമസ്തയോടും നല്ല ബന്ധമുണ്ട്. മുസ്‌ലിം ലീഗുമായി ബന്ധമുണ്ടെന്ന കാരണം പറഞ്ഞാണ് സമസ്തയില്‍ നിന്നും ഒരു വിഭാഗം പോയത്.

മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വത്തിന് പ്രശ്‌നം വന്നാല്‍ എല്ലാവരും ഒന്നിക്കണമെന്നാണ് കാന്തപുരം ഉസ്താദ് പറഞ്ഞത്.

ലീഗിന് മാത്രമല്ല ക്ഷുഭിത യൗവ്വനം എല്ലാ പാര്‍ട്ടികളും അനുഭവിക്കുന്ന പ്രശ്‌നമാണ്. മുസ്‌ലിം ലീഗില്‍ പതിനെട്ട് കഴിഞ്ഞവരുടെ എണ്ണം മുപ്പത് ലക്ഷമാണ്. വിദേശങ്ങളില്‍ കെ എം സി സി വഴി ആഗോളതലത്തിലെടുത്തവര്‍ ഇരുപത് ലക്ഷത്തിനടുത്തുമുണ്ട്. ഈ അരക്കോടിയോളം അംഗങ്ങളെന്ന് പറയുന്നവര്‍ 18 വയസ്സ് കഴിഞ്ഞവരാണ്. എന്നാല്‍ 14നും 18നും ഇടയിലുള്ള ലീഗില്‍ അംഗത്വമെടുക്കാത്ത വിദ്യാര്‍ഥി സംഘടനകളിലും യുവജന സംഘടനകളോടൊപ്പം നില്‍ക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവര്‍ അപക്വമായി നില്‍ക്കുന്നവരായിരിക്കാം. അവരേയും അച്ചടക്കത്തോടെ കൊണ്ടുപോകാനുള്ള ശ്രമം സംഘടനാ സംവിധാനങ്ങള്‍ കാണിക്കാറുണ്ടെങ്കിലും ചിലപ്പോള്‍ ചിലയിടങ്ങളിലൊക്കെ നിയന്ത്രണം വിടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ആ പ്രായം പിടിച്ചാല്‍ കിട്ടാത്തതായതുകൊണ്ട് യാദൃശ്ചികമായി ചില കേന്ദ്രങ്ങളില്‍ പ്രശ്‌നം വരാറുണ്ട്. അത് തടയാന്‍ പരാമവധി ശ്രമിക്കാറുമുണ്ട്. എല്ലാ പാര്‍ട്ടികളും ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. ലീഗില്‍ ഈ പ്രശ്‌നം താരതമ്യേന കുറവാണ്.

മന്ത്രി റിയാസിനെതിരെ അബ്ദുറഹ്മാന്‍ കല്ലായി നടത്തിയത് വര്‍ഗ്ഗീയ ചുവയുള്ള പ്രസംഗമായിരുന്നില്ല. മുസ്‌ലിം ലീഗിന്റെ വേദിയില്‍ വെച്ച് പറയാന്‍ പാടില്ലാത്ത ഒരു കാര്യമാണ് പറഞ്ഞത്. കല്ലായി പറഞ്ഞത് അതിരുവിട്ടതായിരുന്നു. ഇസ്‌ലാമിന്റെ കാര്യങ്ങള്‍ പറയേണ്ടതല്ല മുസ്‌ലിം ലീഗിന്റെ വേദി. ഇസ്‌ലാം മത ആചാരത്തില്‍ വിശ്വാസമില്ലെങ്കിലും ഇന്ത്യയില്‍ രേഖകളില്‍ മുസ്‌ലിം എന്നെഴുതാം. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം പേര് മാത്രമാണ് പരിഗണന. പേര് മാറ്റി സംഘപരിവാരത്തോടൊപ്പം ചേര്‍ന്ന രാമസിംഹനും അവര്‍ക്ക് കോയയാണ്.

Share This Article
Leave a Comment
error: Content is protected !!