
ദോഹ: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനും സമാധാനാന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നടത്തിയ ഇടപെടലുകളെ പ്രശംസിച്ച് ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്‍. വ്യാഴാഴ്ച നടന്ന ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് ഇറാന്‍ പ്രസിഡന്റ് ഖത്തര്‍ അമീറിന്റെ നയതന്ത്ര ശ്രമങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചത്.

പ്രാദേശിക സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനും മേഖലാ- ആഗോള സ്ഥിരത ഉറപ്പാക്കുന്നതിനും അമീറിന്റെ ഇടപെടലുകള്‍ നിര്‍ണായകമാണെന്ന് പെസെഷ്‌കിയാന്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയും ഇറാനും തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റിനെ ഖത്തര്‍ അമീര്‍ അഭിനന്ദിക്കുകയും ചെയ്തു. തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള പുതിയ ധാരണ ദീര്‍ഘകാല മേഖലാ- ആഗോള സമാധാനം ശക്തിപ്പെടുത്തുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കും സമാധാന സംരംഭങ്ങള്‍ക്കും ഖത്തര്‍ നല്‍കുന്ന അചഞ്ചല പിന്തുണ തുടരുമെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആവര്‍ത്തിച്ചു.

