
ദോഹ: അന്തരിച്ച ഗായിക എസ് ജാനകിയുടെ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കി മിഴിയോരം- ‘തലമുറകള്‍ പാടിയ ജാനകി ഗീതങ്ങള്‍’ എന്ന പേരില്‍ പ്രവാസി വെല്‍ഫെയര്‍ സംഗീതരാവ് സംഘടിപ്പിച്ചു. മലയാള സിനിമാഗാന രംഗത്ത് വേറിട്ട ശബ്ദസൗന്ദര്യവും ഭാവഗാംഭീര്യവും കൊണ്ട് തലമുറകളെ കീഴടക്കിയ ഗായികയാണ് എസ് ജാനകിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന് മാള അനുസ്മരണ സന്ദേശം അവതരിപ്പിച്ചു.

പ്രണയം, വിരഹം, സന്തോഷം, നൊമ്പരം, ഭക്തി തുടങ്ങി വ്യത്യസ്ത ഭാവങ്ങളെ അതീവ ഹൃദയസ്പര്‍ശിയായി ആവിഷ്കരിച്ച എസ് ജാനകിയുടെ ഗാനങ്ങള്‍ ഇന്നും സംഗീത പ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.


മലയാളത്തിന് പുറമെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച ജാനകിയുടെ സംഗീത ജീവിതം ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിലെ അനശ്വര അധ്യായമാണ്. കാലം മാറിയെങ്കിലും അവരുടെ ഗാനങ്ങളുടെ മാധുര്യത്തിനും ജനപ്രീതിക്കും ഇന്നും മങ്ങലേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനീഷ രാജേഷ്, ജാന്‍സി റാണി, നൈനിക, സിതാര ഷാഫി, പൂജ സന്തോഷ, അലി കളത്തിങ്ങല്‍, ഷിഹാബ് കൊടുങ്ങല്ലൂര്‍, ഷഫാ ബാച്ചി, ഷഫീഖ് മലപ്പുറം, ആതിര, റിയാസ് എന്നീ ദോഹയിലെ ഗായകര്‍ വിവിധ തലമുറകളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ എസ് ജാനകിയുടെ ജനപ്രിയ ഗാനങ്ങള്‍ വേദിയില്‍ ആലപിച്ചു. പഴയകാല ഗാനങ്ങളുടെ മാധുര്യം പുതുതലമുറയുടെ ശബ്ദങ്ങളിലൂടെ വീണ്ടും വേദിയിലെത്തിയത് സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.
എസ് ജാനകിയുടെ സംഗീത ജീവിതത്തോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രായഭേദമന്യേ നിരവധി സംഗീതപ്രേമികള്‍ പങ്കെടുത്ത സംഗീതരാവ് ജാനകിയുടെ അനശ്വര ഗാനങ്ങളെ ഓര്‍മകളില്‍ വീണ്ടും സജീവമാക്കി. ഫാതിമ തസ്നീം, ഷബീബ് അബ്ദുറസാഖ്, ഷബീര്‍ ഷാജഹാന് എന്നിവര്‍ നേതൃത്വം നല്കി.

