സര്‍ഗാത്മക സാഹിത്യത്തില്‍ എഡിറ്റര്‍ക്ക് റോള്‍ ഇല്ലാത്ത അവസ്ഥയാണ് മലയാളത്തിലെന്ന് ജോസ് പനച്ചിപ്പുറം

Web Desk
2 Min Read

കോഴിക്കോട്: മലയാളത്തിലെ സര്‍ഗാത്മക സാഹിത്യത്തില്‍ എഡിറ്ററുടെ റോള്‍ ഇതുവരെ കാര്യമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ജോസ് പനച്ചിപ്പുറം.
കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി ദര്‍ശനം ലൈബ്രറിയില്‍ സംഘടിപ്പിച്ച കനല്‍ഘട്ട് നോവല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പലപ്പോഴും തങ്ങളുടെ സൃഷ്ടികളില്‍ എഡിറ്റിംഗിന് സമ്മതിക്കാന്‍ മലയാളത്തിലെ മിക്ക എഴുത്തുകാരും മടിയുള്ളവരാണ്. പുനത്തില്‍ കുഞ്ഞബ്ദുല്ലയെ പോലുള്ള ചിലര്‍ മാത്രമാണ് ഇതിന് വിപരീതം. സര്‍ഗാത്മക സാഹിത്യത്തില്‍ മലയാളത്തില്‍ എഡിറ്റര്‍ക്ക് കാര്യമായ പങ്കില്ലാത്ത സ്ഥിതി കാലമിത്രയായിട്ടും ഇപ്പോഴും മാറിയിട്ടില്ല. എഴുത്തുകാരന്‍ സക്കറിയ തന്റെ ആദ്യത്തെ ഇംഗ്ലീഷ് നോവല്‍ ഈയിടെ പ്രകാശനം ചെയ്തപ്പോള്‍ ലിറ്റററി എഡിറ്ററുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ മലയാള എഴുത്തുകാര്‍ ഇപ്പോഴും ഇത് പൂര്‍ണമായി അംഗീകരിച്ചിട്ടില്ല.

പക്ഷേ ഒരു കൃതിയില്‍ നിന്ന് വായനക്കാരന്‍ എന്താഗ്രഹിക്കുന്നുവെന്നതാണ് ലിറ്റററി എഡിറ്റര്‍ അന്വേഷിക്കുന്നതെന്ന അടിസ്ഥാന കാര്യമാണ് പല എഴുത്തുകാരും ഉള്‍ക്കൊള്ളാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിന്റെ അനേകം നിറങ്ങള്‍ സന്നിവേശിപ്പിച്ച നോവലാണ് കനല്‍ ഘട്ട്. പ്രണയത്തെക്കുറിച്ചുള്ള പതിവ് കാഴ്ചപ്പാടുകളില്‍ നിന്ന് മുകളിലേക്കാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ചടങ്ങില്‍ ദര്‍ശനം പ്രസിഡന്റ് പി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പി കെ ഗോപി മുഖ്യാതിഥിയെ പൊന്നാട ചാര്‍ത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ കെ നജ്മ ആശംസയര്‍പ്പിച്ചു. പുസ്തക ചര്‍ച്ചയില്‍ സ്വാമിനാഥന്‍ പാറേക്കാട്ട്, ബീന വിജയന്‍, രജിത്ത് കെ ആയഞ്ചേരി, ലീലാവതി എന്നിവര്‍ സംസാരിച്ചു. നോവലിസ്റ്റ് ലതാ ലക്ഷ്മി വായനക്കാരോട് സംവദിച്ചു.

ഗുരുകുലം ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച എം ടി കൃതികളുടെ വായനാ മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. എം എ ജോണ്‍സന്റെ എന്നെ സ്വാധീനിച്ച കഥകള്‍ എന്ന പുസ്തകത്തിന് ആസ്വാദനക്കുറിപ്പെഴുതിയവര്‍ക്കുള്ള മെമെന്റോകളും വിതരണം ചെയ്തു.

ദര്‍ശനം ഓണ്‍ലൈന്‍ വായനമുറിയില്‍ ചര്‍ച്ച ചെയ്ത ആര്‍ കെ മാരൂരിന്റെ സോനാപ്പൂരിലെ കിന്നറുകള്‍ ആസ്പദമാക്കിയുള്ള പ്രശ്‌നോത്തരിയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ദര്‍ശനം സെക്രട്ടറി ടി കെ സുനില്‍ കുമാര്‍ സ്വാഗതവും
ജോ. സെക്രട്ടറി കെ സതീശന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!