

കൊച്ചി: സമൂഹ മാധ്യമങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഏറെ പ്രസക്തിയുണ്ടെന്ന് ജസ്റ്റിസ് പി ഗോപിനാഥ്. സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സാ സഹായമടക്കമുള്ള ക്രൗഡ് ഫണ്ടിംഗ് നടക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന തുക ശരിയായ ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെയാണോ ഉപയോഗിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. ഇത്തരം ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് നിയമ പ്രകാരമുള്ള ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഐ സി എ ഐ (സി എം എ) കൊച്ചിന്‍ ചാപ്റ്ററും ഐ സി എസ് ഐ കൊച്ചി ചാപ്റ്ററും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം നേരിടുന്ന രാജ്യത്ത് റീസൈക്കിള്‍ ചെയ്തും പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അഭികാമ്യം. റോഡ് നിര്‍മാണത്തിലടക്കം ഇത്തരം സാധ്യതകള്‍ പരിശോധിക്കണം. സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ റീസൈക്ക്‌ളിംഗ് വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശീലിക്കണമെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ സമാഹരിക്കുന്ന പണത്തിന് അക്കൗണ്ടബിലിറ്റി ഉണ്ടായിരിക്കണമെന്നും ഇങ്ങനെ ഫണ്ട് സ്വരൂപിക്കുന്നവര്‍ക്കായി സെബി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഐ സി എസ് ഐ കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ മിഥുന്‍ ബി ഷേണായി പറഞ്ഞു.
ഐ സി എ ഐ (സി എം എ) കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ എല്‍ ലജീഷ് അധ്യക്ഷത വഹിച്ചു. സെബി ഡി ജി എം വെങ്കടേശ്വരന്‍ രാമകൃഷ്ണന്‍, ഐ സി എ ഐ (സി എം എ) കൊച്ചിന്‍ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ ടി വി തോമസ് എന്നിവര്‍ സംസാരിച്ചു.

