

കോഴിക്കോട്: കോഴിക്കോട് കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ തൂണുകള്‍ക്കിടയില്‍ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തിറക്കിയത്.

കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എല്‍ 15 എ 2323 എന്ന സ്വിഫ്റ്റ് ബസാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത്. പല ഡ്രൈവര്‍മാരും മാറി മാറി ശ്രമിച്ചിട്ടും ബസ് പുറത്തിറക്കാനുള്ള പ്രയത്നം ഫലം കണ്ടില്ല. ഒടുവില്‍ തൂണുകളില്‍ സ്ഥാപിച്ചിട്ടുളള ഇരുമ്പ് വളയം മുറിച്ച് മാറ്റി കുടുങ്ങിക്കിടന്ന ബസ് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കുകയായിരുന്നു. ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജയചന്ദ്രനാണ് വണ്ടി പുറത്തിറക്കിയത്.

അതേസമയം, ബസ് കുടുങ്ങിയ സംഭവത്തില്‍ കെ എസ് ആര്‍ ടി സി സി എം ഡി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. സ്വിഫ്റ്റ് മാനേജ്മെന്റും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ബംഗ്ലൂരുവില്‍ നിന്നെത്തിയ ബസ് നിര്‍ത്തി ആളുകളെ ഇറക്കിയ ശേഷം ഡ്രൈവര്‍ മറ്റൊരു വണ്ടിയില്‍ പോവുകയായിരുന്നു. പിന്നീട് മറ്റ് ജീവനക്കാരാണ് ബസ് തൂണുകള്‍ക്കിടയില്‍ കുടങ്ങിപ്പോയെന്ന് മനസ്സിലാക്കിയത്. ഡ്രൈവറുടെ പരിചയക്കുറവാണോ ബസ് കുടുങ്ങിയതിന് കാരണമായതെന്ന് വ്യക്തമല്ല. കെ സ്വിഫ്റ്റ് അപകടങ്ങള്‍ മന:പൂര്‍വം ഉണ്ടാക്കുന്നതാണോയെന്ന് സംശയവുമുണ്ട്. അപകടങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നു സി ഐ ടി യു ആവശ്യപ്പെട്ടിട്ടുണ്ട്.
2015 ല്‍ 75 കോടി ചെലവഴിച്ച് കെ ടി ഡി എഫ് സി നിര്‍മാണം പൂര്‍ത്തിയാക്കിയ കോഴിക്കോട് ബസ് ടെര്‍മിനലിന്റെ അപാകതയെക്കുറിച്ച് നിലനിന്ന ആരോപണങ്ങളും പരാതികളും ശരിവയ്ക്കുന്ന സംഭവം കൂടിയാണ് ഇത്. ഇവിടത്തെ തൂണുകള്‍ക്കിടയില്‍ മതിയായ അകലമില്ലെന്നും ബലക്ഷയമുണ്ടെന്നും ചെന്നൈ ഐ ഐ ടി സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
അടിയന്തരമായി സര്‍വീസ് നിര്‍ത്തി വച്ച് ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കെ എസ് ആര്‍ ടി സിയും സര്‍ക്കാരും ഈ റിപ്പോര്‍ട്ട് അവഗണിക്കുകയാണ് ചെയ്തത്. ടെര്‍മിനല്‍ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സ്ട്രക്ചറല്‍ എന്‍ജിനീയറിങ് നടത്തിയവരെ ഉള്‍പ്പെടെ പ്രതികളാക്കി കേസ് എടുക്കാവുന്നതാണെന്നും വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല.

