
തൊടുപുഴ: കേരള അഗ്രി ഡെവലപ്മെന്റ് ആന്‍ഡ് സസ്റ്റെയിനബിള്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ (കെ എ ഡി എസ് പി സി എല്‍) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ഓണാഘോഷവും കുടുംബസംഗമവും തൊടുപുഴ കിസാന്‍ കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

കര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും കെ എ ഡി എസ് പി സി എല്‍ ഡയറക്ടര്‍മാരെയും ജീവനക്കാരെയും ഒരുമിപ്പിച്ച പരിപാടി കര്‍ഷക കൂട്ടായ്മയുടെയും കാര്‍ഷിക മുന്നേറ്റത്തിന്റെയും സന്ദേശം പകര്‍ന്നു. ഓണസദ്യ, കലാവിരുന്ന്, കര്‍ഷക ആദരം, പുരസ്‌കാര സമര്‍പ്പണം, പുതിയ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം, കെ എ ഡി എസ് സമൃദ്ധി നഴ്‌സറിയുടെ വക പങ്കെടുത്ത എല്ലാവര്‍ക്കും പ്ലാവില്‍ തൈ വിതരണം എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.


കെ എ ഡി എസ് പി സി എല്‍ ചെയര്‍മാന്‍ ജീസ് ജോസഫ് സ്വാഗതം ആശംസിക്കുകയും കമ്പനിയുടെ ഭാവി പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തു. കര്‍ഷകരില്‍നിന്ന് കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച് മികച്ച വിപണി ഉറപ്പാക്കുക, കെ എ ഡി എസ് സ്വദേശി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുക, ഡ്രയര്‍ മൂല്യവര്‍ധിത ഉത്പാദന യൂണിറ്റുകള്‍ ശക്തിപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കെ എ ഡി എസ് ഫ്രാഞ്ചൈസി ഷോപ്പുകള്‍ ആരംഭിക്കുക തുടങ്ങിയ പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു.
സ്പൈസസ് ബോര്‍ഡുമായി സഹകരിച്ച് ഫാര്‍മേഴ്സ് സ്‌കൂള്‍ ആരംഭിക്കുന്നതിനും ഹൈറേഞ്ച് മേഖലയില്‍ പുതിയ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനും കാര്‍ഷിക സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സാങ്കേതികവിദ്യാ കൈമാറ്റം, പരിശീലനം, മൂല്യവര്‍ധിത ഉത്പന്ന വികസനം എന്നിവ നടപ്പാക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ചെയര്‍മാന്‍ അറിയിച്ചു.
വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചതോടെയാണ് ഔദ്യോഗിക സമ്മേളനം ആരംഭിച്ചത്. മുന്‍മന്ത്രി പി ജെ ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി ടി സിദ്ദിഖ് കര്‍ഷക ഓണാഘോഷം ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നല്‍കി.
ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. കെ എ ഡി എസ് പി സി എലിന്റെ പുതിയ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ടി സിദിഖ് ചിഫ് വിപ് അപു ജോണ്‍ ജോസഫിന് നല്‍കി നിര്‍വഹിച്ചു. ഇടുക്കി എം എല്‍ എ റോയ് കെ പൗലോസ് കെ എ ഡിഎസ് പി സി എല്ലിന്റെ മുന്‍കാല ഡയറക്ടര്‍മാരെ മെമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഓണസന്ദേശം നല്‍കുകയും കെ എ ഡി എസ് പി സി എല്ലിന്റെ പ്രഥമ കര്‍ഷക പുരസ്‌കാരങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുകയും ചെയ്തു.
ജിജി മാത്യു കര്‍ഷകരത്‌നയും എ എം ജുബൈരിയ ഹരിത നായികയും രാജി ജോസഫ് തെരുവംകുന്നേല്‍ ക്ഷീരരത്‌നയും വിഷ്ണു സതീഷ് വാഴ കര്‍ഷക ശ്രേഷ്ഠയും ജെയിംസ് പള്ളിക്കാമ്യാലില്‍ വാഴകൃഷി പ്രതിഭയും രാജു തരണിയില്‍ സേവനമിത്രയും സുനില്‍ ടി സുലൈമാന്‍ രാജു തരണിയിലും ഉണ്ണി താനത്താളില്‍ നിക്ഷേപക ശ്രേഷ്ഠയും പുരസ്‌ക്കാരങ്ങള്‍ നേടി.
തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സബീറ ജലീല്‍, വൈസ് ചെയര്‍മാന്‍ കെ ദീപക്, മഹാത്മാഗാന്ധി സര്‍വകലാശാലയിലെ പ്രൊഫസറും ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. രാധാകൃഷ്ണന്‍ ഇ കെ, ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോയ് മൈലാടി, അല്‍-അസര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും എം ജി സര്‍വകലാശാല സിനഡ് അംഗവുമായ അഡ്വ. കെ എം മിജാസ്, കെ എം എ ഷുക്കൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ നിഷാ സോമന്‍, ലിറ്റി റോബിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസക്കുട്ടി ജോസഫ്, വ്യാപാരി വ്യവസായി സംഘടനാ പ്രസിഡന്റ് സലിംകുട്ടി, പീരുമേട് ഡെവലപ്പ്‌മെന്റ് സോസൈറ്റി ഡയറക്ടര്‍ ഫാ. ദിപു തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍ഷകര്‍ക്കായി കലാകാരനും അധ്യാപകനുമായ ശ്രീ സാബു ആരക്കുഴ ടീമിന്റെ പ്രത്യേക കലാവിരുന്നും വിഭവസമൃദ്ധമായ ഓണസദ്യയും കുടുംബസംഗമത്തിന് മാറ്റുകൂട്ടി. ദിവസത്തിന്റെ ആദര സൂചകമായി പ്രത്യേകം തയ്യാറാക്കിയ ഞാറ്റുവേല തറയില്‍ ഒരു സ്‌പെഷ്യല്‍ തൈ നടല്‍ റോയ് കെ പൗലോസ് എം എല്‍ എ ഡയറക്ടര്‍മാരുടെ സാന്നിധ്യതില്‍ നിര്‍വഹിച്ചു. കെ എ ഡി എസ് പി സി എല്‍ ഡയറക്ടര്‍ ബെനറ്റ് ജേക്കബ് നന്ദി പറഞ്ഞു.

