

ദോഹ: നാലുനാള്‍ നീണ്ട ‘കലാഞ്ജലി’ ഇന്റര്‍ സ്‌ക്കൂള്‍ കലോത്സവ മേളയ്ക്കു ദോഹയില്‍ കൊടിയിറങ്ങി. മീഡിയ പെന്നിന്റെ ആഭിമുഖ്യത്തിലാണ് ഖത്തറിലെ ഇന്ത്യന്‍ വിദ്യര്‍ഥികള്‍ക്കള്‍ക്കായി കലയുടെ വേറിട്ട ഈ അരങ്ങുകള്‍ ഒരുക്കിയത്. പതിനെട്ടോളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തി ഇരുന്നൂറിലേറെ വിദ്യാര്‍ഥികളാണ് കലാഞ്ജലിയുടെ ഭാഗമായത്.

ബിര്‍ള ഇന്ത്യന്‍ സ്‌കൂളിലെ വൈഷ്ണവി സുരേഷ് കലാഞ്ജലിയുടെ കലാതിലകവും ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഫ്രഡ്ഡി ജോഷ്വാ വിക്ടര്‍ കലാപ്രതിഭയുമായി.

ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന കലാഞ്ജലി സമാപന ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യാഥിതിയായിരുന്നു. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കുറ്റമറ്റ രീതിയില്‍ നടത്തിയ കലാമേള അഭിനന്ദാര്‍ഹമാണെന്നും വരും വര്ഷങ്ങളിലെ കലാമേളയുടെ വിജയതിനായി എംബസിയുടെ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം ചടങ്ങില്‍ അഭിപ്രയപ്പെട്ടു. പ്രശസ്ത നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ അപര്‍ണ്ണ ബാലമുരളി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.
റേഡിയോ മലയാളം സി ഇ ഓ അന്‍വര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളുടെ അധ്യക്ഷന്മാരായ എ പി മണികണ്ഠന്‍, ഷാനവാസ് ബാബ, കലാഞ്ജലി ജനറല്‍ കണ്‍വീനര്‍ ബിനുകുമാര്‍, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ കാദര്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീം ഷൈഖ്, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കെ എം സി സി നേതാവ് എസ് എ എം ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. 254 പോയിന്റുകള്‍ നേടി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഒന്നാമതായി. 164 പോയിന്റുകളോടെ ബിര്‍ള ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 111 പോയിന്റുകള്‍ നേടി രാജഗിരി പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും 75 പോയിന്റുകള്‍ നേടി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ നാലാം സ്ഥാനവും നേടി.
കലാതിലകം, കലാപ്രതിഭ എന്നിവയ്ക്കു പുറമെ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടിയ സ്‌കൂളുകള്‍ക്കും എല്ലാ മത്സര വിജയികള്‍ക്കും ഷീല്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും അംബാസിഡര്‍ വിപുല്‍, ചലച്ചിത്ര താരം അപര്‍ണ്ണ ബാലമുരളി, കലോത്സവ വിധികര്‍ത്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ കൈമാറി.

