NEWS
എസ് എസ് എല്‍ സി, പ്ലസ് ടു ചോദ്യപേപ്പര്‍ ഘടന: പുനഃക്രമീകരിക്കണം: കെ എ എം എ
കൊച്ചി: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളുടെ പുതിയ ചോദ്യപ്പേപ്പര്‍ ഘടന പുനക്രമീകരിച്ച് ചോദ്യങ്ങളും മാര്‍ക്കും നൂറുശതമാനവും ഫോക്കസ് ഏരിയയില്‍ നിന്നും ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, പ്രസിഡന്റ് എ എ ജാഫര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങളും മാര്‍ക്കും 70 ശതമാനമായി പരിമിതപ്പെടുത്തി 30 ശതമാനം മാര്‍ക്ക് നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും ആക്കിയ നിര്‍ബന്ധിത ഘടനാ പരിഷ്‌കരണമാണ് വിദ്യാര്‍ഥികളെ പ്രയാസപ്പെടുത്തിയിരിക്കുന്നത്.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രണ്ട് മാസം മുമ്പ് മാത്രമാണ് ദിനേന മൂന്നു മണിക്കൂര്‍ അധ്യയനം ലഭിച്ചത്.
പാഠപുസ്തകത്തിന്റെ 60 ശതമാനം പാഠങ്ങള്‍ ഉള്‍പ്പെടുന്ന ഫോക്കസ് ഏരിയ തന്നെ പരീക്ഷയ്ക്കു മുമ്പ് പഠിപ്പിച്ച് തീര്‍ക്കാനാവാത്ത സാഹചര്യമാണ് നിലവില്‍ അധ്യാപകര്‍ക്കുള്ളത്.
പ്രതികൂല സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ പഠന സാഹചര്യങ്ങളും മാനസിക പ്രയാസങ്ങളും മനസ്സിലാക്കി ഫോക്കസ് ഏരിയ മാത്രം ഉള്‍പ്പെടുത്തി ചോദ്യപേപ്പര്‍ പുന:ക്രമീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കെ എ എം എ ആവശ്യപ്പെട്ടു





