കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം 2020 പി എസ് ബാനര്‍ജിക്ക്

Web Desk
1 Min Read

ദോഹ: നാടന്‍പാട്ട് മേഖലയില്‍ കനല്‍ ഖത്തര്‍ നല്‍കി വരുന്ന ‘കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌കാരം 2020’ പ്രഖ്യാപിച്ചു.

city exchange

നാടന്‍പാട്ട് രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അന്തരിച്ച പി എസ് ബാനര്‍ജിയാണ് കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം 2020ന് അര്‍ഹനായത്. നാടന്‍പാട്ട് മേഖലയിലും വരയിലും ശക്തമായ സാന്നിധ്യമായിരുന്നു ബാനര്‍ജി. സ്റ്റേജ് പരിപാടികളിലെ നാടന്‍പാട്ട് അവതരണങ്ങളിലൂടെയും നാടന്‍പാട്ട് ശേഖരണത്തിലൂടെയും ഏറെ ശ്രദ്ധേയനായ ബാനര്‍ജി ഈ മേഖലയില്‍ ജനപ്രിയ കലാകാരന്‍ കൂടിയായിരുന്നു. പ്രശസ്തരുടെ കാരിക്കേച്ചര്‍ വരച്ചും നിരവധി പുസ്തകങ്ങള്‍ക്ക് ചിത്രരചന നടത്തിയും ജനമനസ്സുകളില്‍ ഇടം നേടിയിരുന്നു. 2021ല്‍ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് ബാനര്‍ജി അന്തരിച്ചത്.

കേരളത്തിലെ നാടന്‍പാട്ട് മേഖലയിലെ പ്രശംസനീയമായ സംഭാവനകള്‍ നല്‍കുന്ന കലാകാരന്മാരെ തെരഞ്ഞെടുക്കുകയും അവരെ ആദരിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ കനല്‍ ഖത്തറും ഖത്തറിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് കമ്പനിയായ മീഡിയ പെന്നും സംയുക്തമായി നല്‍കുന്ന പുരസ്‌കാരമാണ് കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌ക്കാരം. 33,333 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

- Advertisement -
Ad image

2020ലെ പുരസ്‌കാരം നേരത്തെ തീരുമാനിച്ചിരുന്നതും അവാര്‍ഡ് ജേതാവിനെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നതാണ്. കോവിഡ് സാഹചര്യങ്ങള്‍ മൂലം പൊതുപരിപാടികള്‍ നടക്കാതെ പോയതിനാലാണ് ഇപ്പോള്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരളത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അന്തരിച്ച പി എസ് ബാനര്‍ജിയുടെ കുടുംബാംഗങ്ങള്‍ ‘കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌കാരം’ ഏറ്റുവാങ്ങുമെന്ന് കനല്‍ ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു.

നാടന്‍പാട്ടു രംഗത്ത് തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഖത്തറിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറസാന്നിധ്യമായ കനല്‍ ഖത്തര്‍ നാടന്‍പാട്ട് സംഘത്തിന്റെ വൈവിധ്യമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌ക്കാരം.

Share This Article
Leave a Comment
error: Content is protected !!