

കീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഏഴാം ദിവസം രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള നവീന്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പഞ്ചാബ് സ്വദേശിയായ ചന്ദന്‍ ജിന്താല്‍ (22) ആണ് മരിച്ചത്. വിന്നിഷ്യ നാഷണല്‍ പൈറോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് ചന്ദന്‍ ജിന്താല്‍. ഇസ്‌കെമിക് സ്‌ട്രോക്കിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് വിവരം. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ ഓക്‌സിജനും പോഷകങ്ങളും ലഭ്യമാകാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇസ്‌കെമിക് സ്‌ട്രോക് സംഭവിക്കുന്നത്. മസ്തിഷ്‌ക കോശങ്ങള്‍ മിനിട്ടുകള്‍ക്കുള്ളില്‍ മരണത്തിലേക്ക് നീങ്ങുന്നതാണിത്.


ചന്ദന്‍ ജിന്താലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജിന്താലിന്റെ കുടുംബവും യുക്രൈനിലാണുള്ളതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു. മകന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യണമെന്ന് ഇന്ത്യന്‍ അധികൃതരോട് ജിന്താലിന്റെ പിതാവ് ആവശ്യപ്പെതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കീവിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് ഉടന്‍ നഗരം വിട്ടുപോകണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. യുക്രൈന്‍ സമയം വൈകിട്ട് ആറിന് മുമ്പ് നഗരം വിടണമെന്നാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരത്തിനു നേരെ റഷ്യന്‍ സൈന്യം നിരന്തരമായ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാതലത്തിലാണ് ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളോട് നഗരം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യോമ നിയന്ത്രണം പൂര്‍ണമായും കൈവശപ്പെടുത്തിയ റഷ്യ ഖാര്‍കീവിലും സമീപ പ്രദേശങ്ങളിലും കനത്ത ആക്രമണമാണ് ലക്ഷ്യമിടുന്നത്. കീവിലും ഖാര്‍കീവിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഖേര്‍സണ്‍ തുറമുഖം റഷ്യയുടെ നിയന്ത്രണത്തിലാണുള്ളത്.

