അനാവശ്യ വിവാദങ്ങള്‍ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാന്‍ ശ്രമിക്കരുതെന്ന് കാന്തപുരം

Web Desk
2 Min Read

കോഴിക്കോട്: മതവിഭാഗങ്ങള്‍ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് യാതൊരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങള്‍ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാന്‍ ആരും തുനിയരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

city exchange


പാലാ രൂപത ബിഷപ്പ് നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണ്. അതൊഴിവാക്കാമായിരുന്നു. നാക്കുപിഴകളെ പോലും വര്‍ഗീയധ്രുവീകരണത്തിന് ദുരുപയോഗിക്കുന്ന കാലത്ത് കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാകാന്‍ മതസമൂഹങ്ങള്‍ക്കും സമുദായനേതാക്കള്‍ക്കും കഴിയേണ്ടതാണെന്നും സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു.


ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദവും അവസാനിപ്പിക്കണം. അത് സമൂഹത്തില്‍ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയും. ബിഷപ്പിന്റെ പ്രസ്താവനയുടെ പേരില്‍ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.

- Advertisement -
Ad image


രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സ്‌നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടാകേണ്ടത്. ഭിന്നിപ്പുകളുടെയും അകറ്റിനിര്‍ത്തലുകളുടെയും ഭാഷ ജനങ്ങളില്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടാക്കും. തലമുറകളോളം അതിന്റെ നീറ്റല്‍ നിലനില്‍ക്കും. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ല. വിട്ടുവീഴ്ചയുടെയും മനുഷ്യസ്‌നേഹത്തിന്റേയും പാഠങ്ങള്‍ ലോകത്തിനു പകര്‍ന്നുനല്‍കാന്‍ ബാധ്യതപ്പെട്ട മതനേതൃത്വങ്ങള്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ട്.

മതസംജ്ഞകളെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് വര്‍ഗീയശക്തികളെയായിരിക്കും സന്തോഷിപ്പിക്കുക. അന്യന്റെ അവകാശങ്ങളിലേക്ക് കടന്നുകയറുന്നതിനോ പ്രലോഭനങ്ങളിലൂടെയോ ഭീഷണികളിലൂടെയോ മതത്തിലേക്ക് ആളെക്കൂട്ടുന്നതിനോ ഇസ്ലാം ആരെയും അനുവദിക്കുന്നില്ല. മാത്രമല്ല അത്തരം തെറ്റായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതാണ് ഇസ്‌ലാമിന്റെ മൂല്യവിഭാവന. എന്നിട്ടും ജിഹാദ് എന്ന ഇസ്‌ലാമിക സംജ്ഞയെ മതപരിവര്‍ത്തനത്തിലേക്ക് ചേര്‍ത്തുപറയുന്നത് മതത്തെ കുറിച്ച് ശരിയായി മനസിലാക്കാത്തതിന്റെ പ്രശ്‌നമാണെന്നും യോഗം വിലയിരുത്തി.


കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, കെ കെ അഹ്മദ്കുട്ടി മുസ്ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുല്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, എ സൈഫുദ്ദീന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!