
കൊച്ചി: പുരസ്ക്കാരങ്ങളല്ല കാഴ്ചക്കാരുടെ സന്തോഷത്തെയാണ് താന് ലക്ഷ്യമിടുന്നതെന്ന് ചലച്ചിത്ര താരം കാര്ത്തി. അദ്ദേഹം വ്യത്യസ്ത വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം സര്ദാറിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ കാര്ത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പുരസ്ക്കാരങ്ങള് നമ്മള് പ്രതീക്ഷിക്കുമ്പോള് ലഭിക്കുന്നവയല്ലെന്നും അവ അര്ഹമായ സമയങ്ങളില് തേടിയെത്തുകയാണ് ചെയ്യുകയെന്നും കാര്ത്തി പറഞ്ഞു. സര്ദാറില് വ്യത്യസ്ത വേഷങ്ങളില് അഭിനയിക്കുമ്പോള് കമലഹാസനോടും മറ്റു നടന്മാരോടും താരതമ്യപ്പെടുത്തി തന്നെ ഭയപ്പെടുത്തരുതെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

സര്ദാറിനെ സര്ദാറാക്കിയതില് പട്ടണം റഷീദിനാണ് പകുതി ക്രെഡിറ്റെന്നു പറഞ്ഞ കാര്ത്തി അദ്ദേഹം അപകടം സംഭവിച്ച് കാലിന് പരിക്കേറ്റിരിക്കുമ്പോഴും തനിക്കു വേണ്ടി മാത്രമായി രണ്ടു മൂന്നു മണിക്കൂറുകളോളം പുലര്ച്ചെ ജോലി ചെയ്തുവെന്നും അദ്ദേഹത്തോട് വലിയ കടപ്പാടുകളുണ്ടെന്നും പറഞ്ഞു.

ദീപാവലിക്ക് റിലീസാകുന്ന സര്ദാറില് താന് വലിയ പ്രതീക്ഷകളാണ് അര്പ്പിക്കുന്നതെന്നും പൊന്നിയിന് സെല്വന് ഹിറ്റായി പ്രദര്ശനം തുടരുന്നതില് സന്തോഷമുണ്ടെന്നും പറഞ്ഞു. ഫെസ്റ്റിവല് സമയങ്ങളില് സിനിമ റിലീസ് ചെയ്യുന്നത് പ്രത്യേക ആഹ്ലാദമാണെന്നും പിന്നീട് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സിനിമയും പരാമര്ശിക്കപ്പെടുമെന്നും കാര്ത്തി വിശദമാക്കി.
തന്റെ വീട്ടിലേക്ക് വിരുന്നു വന്ന കാര്ത്തിയേയും രാശി ഖന്നയേയും സ്വീകരിക്കുന്നതു പോലെയാണ് കേരളത്തിലെത്തിയ അവരോടൊപ്പമുള്ള വാര്ത്താ സമ്മേളനം തനിക്ക് തോന്നുന്നതെന്ന് സര്ദാറിലെ നായികമാരിലൊരാളായ രജിഷ വിജയന് പറഞ്ഞു. മികച്ച വേഷമാണ് തനിക്ക് സര്ദാറില് ലഭിച്ചതെന്നും കേരളത്തില് വീണ്ടുമെത്തുന്നത് സന്തോഷകരമാണെന്ന് രാശി ഖന്നയും പറഞ്ഞു.
പി എസ് മിത്രന് സംവിധാനം ചെയ്ത സര്ദാര് ഒക്ടോബര് 21നാണ് റിലീസ് ചെയ്യുന്നത്. കാര്ത്തി നിരവധി വേഷങ്ങള് ചെയ്യുന്ന സര്ദാര് ചാരപ്രവര്ത്തനവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ചുങ്കിപാണ്ഡേ, ലൈല, മുരളി ശര്മ, മുന്ഷികാന്ത്, ഇളവരശ്, യുഗി സേതു തുടങ്ങി നിരവധി താരങ്ങള് സര്ദാറില് വേഷമിടുന്നുണ്ട്. എസ് ലക്ഷ്മണ് കുമാര് നിര്മിച്ച സര്ദാര് ഫോര്ച്യൂണ് സിനിമാസാണ് കേരളത്തില് പ്രദര്ശനത്തിനെത്തിക്കുന്നത്.

