കേരള ബജറ്റ് 2026 പ്രവാസി സൗഹൃദ ബജറ്റെന്ന് ഇന്‍കാസ് ഖത്തര്‍

Web Desk
2 Min Read

ദോഹ: ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച കേരളാ ബജറ്റ് 2026 പ്രവാസി സമൂഹത്തെ ചേര്‍ത്തുപിടിക്കുന്നതും അവര്‍ക്ക് പ്രാധാന്യം നല്കുന്നതുമാണെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

city exchange

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പതിറ്റാണ്ടുകളായി പ്രവാസി മലയാളികള്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഗള്‍ഫ് രാജ്യങ്ങളിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളികള്‍ അയച്ചുകൊണ്ടിരിക്കുന്ന പണം കേരളത്തിന്റെ ഉപഭോഗശേഷി വര്‍ധിപ്പിക്കുന്നതിലും ജീവിത നിലവാരം ഉയര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിന്റെ ഭാവി വികസനത്തിന് പ്രവാസികളുടെ ‘റെമിറ്റന്‍സ്’ മാത്രം മതിയാകില്ലെന്ന യാഥാര്‍ഥ്യം ഇത്തവണത്തെ ബജറ്റ് വ്യക്തമായി അടയാളപ്പെടുത്തുന്നു. ‘റെമിറ്റന്‍സ് ഇക്കണോമി’ എന്ന നിലയില്‍ നിന്ന് ‘ഇന്‍വെസ്റ്റ്‌മെന്റ് ഇക്കണോമി’ എന്ന പുതിയ സാമ്പത്തിക മാതൃകയിലേക്കുള്ള മാറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ്. അതായത്, പ്രവാസികള്‍ പണം അയക്കുന്നവരായി മാത്രം അല്ല, അറിവും അനുഭവവും മൂലധനവും പങ്കിടുന്ന വികസന പങ്കാളികളായും മാറണമെന്ന് ഈ ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു. ഈ മാറ്റത്തില്‍ പ്രവാസികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുള്ള ബജറ്റിലെ നിര്‍ദ്ദേശം ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ദോഹയില്‍ കൂടിയ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു.

സാധാരണക്കാരായ പ്രവാസികള്‍ക്കും ഇടത്തരം വരുമാനക്കാരായ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ വികസന പദ്ധതികളില്‍ നിക്ഷേപകരാകാന്‍ കഴിയുന്ന തരത്തില്‍ 25,000 മുതല്‍ 5 ലക്ഷം രൂപ വരെ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇത് പ്രവാസി നിക്ഷേപത്തെ വലിയ കോര്‍പ്പറേറ്റുകളുടെ പരിധിയില്‍ നിന്ന് പൊതുജനങ്ങളിലേക്കെത്തിക്കുന്ന ജനകീയ ചുവടുവെയ്പ്പാണ്. സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം, കാര്‍ഷിക മൂല്യവര്‍ധിത സംരംഭങ്ങള്‍, ആരോഗ്യമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കൂട്ടായ നിക്ഷേപത്തിനുള്ള സാധ്യതകള്‍ കേരളത്തിന്റെ വികസന യാത്രയ്ക്ക് പുതിയ ദിശ നല്‍കും.

പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരണ പ്രഖ്യാപനം പ്രത്യേകമായി എടുത്ത് പറയേണ്ടതാണ്. ഇത് പ്രവാസികളുടെ സമ്പാദ്യങ്ങള്‍ക്ക് സുരക്ഷിതവും ദീര്‍ഘകാല മൂല്യവര്‍ധനവുമായ നിക്ഷേപ മാര്‍ഗം ഒരുക്കുമെന്ന് ഇന്‍കാസ് പ്രതീക്ഷിക്കുന്നു. പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ സാമ്പത്തിക സുരക്ഷയും സ്ഥിരതയുമുള്ള ഭാവി ഉറപ്പാക്കുന്നതിലും ഈ പദ്ധതി നിര്‍ണായകമാകും.

- Advertisement -
Ad image

കേരളത്തിന്റെ സമഗ്ര വികസനത്തിന് പ്രവാസി സമൂഹത്തെ കൂടുതല്‍ ശക്തമായി കൂട്ടിച്ചേര്‍ക്കുന്ന പ്രവാസി സൗഹൃദവും ജനകീയവുമായ ഈ ബജറ്റ് അവതരിപ്പിച്ച വി ഡി സതീശനെയും യു ഡി എഫ് സര്‍ക്കാരിനെയും യോഗം അഭിനന്ദിക്കുകയും പ്രവാസികളുടെ ആത്മവിശ്വാസവും പങ്കാളിത്തവും വര്‍ധിപ്പിക്കുന്ന നയങ്ങള്‍ ഭാവിയിലും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ സ്വാഗതവും ട്രഷറര്‍ ജീസ് ജോസഫ് നന്ദിയും പറഞ്ഞു.

ഇന്‍കാസ് രക്ഷാധികാരികളായ കെ കെ ഉസ്മാന്‍, ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ജോണ്‍ ഗില്‍ബര്‍ട്ട്, വൈസ് പ്രസിഡന്റുമാരായ അന്‍വര്‍ സാദത്ത്, വി എസ് അബ്ദുള്‍ റഹ്മാന്‍, ശ്രീജിത്ത് എസ് നായര്‍, സി താജുദ്ദീന്‍, അഷറഫ് വടകര, ജൂട്ടസ് പോള്‍, നാസര്‍ മുഹമ്മദ്, ശ്രീരാജ് എം പി, കൂടാതെ മറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!