
കൊച്ചി: കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷയായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന വിമത യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയില്‍ ഏകാധിപതിയായാണ് ഗണേഷ് പ്രവര്‍ത്തിക്കുന്നതെന്ന് ഉഷ മോഹന്‍ദാസ് കുറ്റപ്പെടുത്തി. ചെയര്‍മാനായിരുന്ന ആര്‍. ബാലകൃഷ്ണ പിള്ളയുടെ വേര്‍പാടിനു ശേഷം കേരള കോണ്‍ഗ്രസ്-ബിയില്‍ തര്‍ക്കം പുകഞ്ഞുതുടങ്ങിയിരുന്നു. പിള്ള അന്തരിച്ചപ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ പദവി താത്കാലികമായി മകന്‍ ഗണേഷ്‌കുമാറിന് കൈമാറിയെങ്കിലും അദ്ദേഹം പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയാറാകുന്നില്ലെന്ന് മൂത്ത മകള്‍ ഉഷ ആക്ഷേപമുയര്‍ത്തിയിരുന്നു. പിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ വില്‍പത്രം സംബന്ധിച്ച തര്‍ക്കമുണ്ടായപ്പോള്‍ പൊതു രംഗത്തേക്ക് ഉഷയെത്തുമെന്ന സൂചനകളുയര്‍ന്നിരുന്നു. പിള്ളയുടെ മരണശേഷം ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള വിപുലമായ യോഗം ചേരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, സാഹചര്യങ്ങള്‍ മാറിയ ശേഷം സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേഷ് ഗൗനിക്കുന്നില്ലെന്നായിരുന്നു പരാതി. ഈ സാഹചര്യത്തിലാണ് വിമത വിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിച്ചത്.

