

കോഴിക്കോട്: സ്റ്റാര്‍ട്ട് അപ് വ്യവസായങ്ങളില്‍ കേരളം ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല എന്ന പ്രചാരണം ശക്തമാണ്. വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള കേവലം നുണപ്രചാരണം മാത്രമാണിത്. സംരംഭക വര്‍ഷാചരണത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. 8500 കോടിയുടെ പദ്ധതികളാണ് വന്നത്. തൊഴിലവസരങ്ങള്‍ മൂന്നുലക്ഷം കവിഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കേരളത്തില്‍ മുതല്‍മുടക്കാന്‍ താല്‍പര്യം കാണിക്കുകയാണ്. മേക്കിങ് കേരള പദ്ധതിയിലൂടെ 1000 കോടി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 100 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിട്ടു.

അതിദാരിദ്ര്യം അനുഭവിക്കുന്ന 64006 കുടുംബങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണ്ടെത്തിയത്. അത് വലിയ കണക്കല്ല. ഒരു ശതമാനം പോലും വരുന്നില്ല. എങ്കിലും സര്‍ക്കാര്‍ അതിനെ ഗൗരവമായാണ് കാണുന്നത്. ഇത്തരം അതിദരിദ്രരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് വ്യാപാരി വ്യവസായി സമിതി പോലുള്ള സംഘടനകള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന പരിശോധിക്കണം. സംഘടനയുടെ നേതൃത്വത്തില്‍ കുടുംബങ്ങളെ സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്- മുഖ്യമന്ത്രി പറഞ്ഞു.

