

ഗാസ: ജനുവരി 19ലെ വെടിനിര്‍ത്തല്‍ കരാറിനെച്ചൊല്ലി അറബ് മധ്യസ്ഥരും അമേരിക്കയും ഹമാസും ഇസ്രായേലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗാസയില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പ്രദേശത്തെ സിവില്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.

കൊല്ലപ്പെട്ട നാലില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. എല്ലാവരും സിവിലിയന്മാരാണെന്ന് ഡോക്ടര്‍മാരും ബന്ധുക്കളും പറഞ്ഞു.

കൂടുതല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ ദോഹയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ഈ ആഴ്ച ആദ്യം ഹമാസ് നേതാക്കള്‍ കെയ്‌റോയില്‍ ഒരു റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൂചനകളൊന്നുമുണ്ടായിട്ടില്ല.
എന്‍ക്ലേവില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണ്ണമായി പിന്മാറുന്നത് സംബന്ധിച്ച് കരാറിലെത്തേണ്ട രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഹമാസ് ആഗ്രഹിക്കുമ്പോള്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കാതെ തന്നെ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്.
സഹായ വിതരണം തടഞ്ഞും വൈദ്യുതി ബന്ധം വിച്ഛേദിച്ചും ഇസ്രായേല്‍ ഗാസയില്‍ ക്ഷാമം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ഹമാസ് ആരോപിച്ചു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഈ മാസം ഭക്ഷ്യ, മരുന്ന്, ഇന്ധന ഇറക്കുമതി എന്നിവ വെട്ടിക്കുറച്ചു. ഞായറാഴ്ച അവര്‍ വൈദ്യുതി വിച്ഛേദിച്ചു. ഇത് ഗാസക്കാര്‍ക്ക് ശുദ്ധജലം നിഷേധിക്കുമെന്ന് സഹായ ഗ്രൂപ്പുകള്‍ പറയുന്നു.
ഇസ്രായേല്‍ സഹായം തടയുന്നത് തുടര്‍ന്നാല്‍ ഗാസയില്‍ വീണ്ടും പട്ടിണി പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗാസയിലെ യു എന്‍ ഫലസ്തീന്‍ ദുരിതാശ്വാസ ഏജന്‍സി (യു എന്‍ ആര്‍ ഡബ്ല്യു എ) മേധാവി പറഞ്ഞു.

