കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് സമര്‍പ്പണവും ദൃശ്യകലാ പ്രദര്‍ശനവും ഇന്ന്

Web Desk
4 Min Read

കൊച്ചി: കേരള ലളിതകലാ അക്കാദമി 2023- 24 ഫെല്ലോഷിപ് സമര്‍പ്പണവും 52-ാമത് സംസ്ഥാന ദൃശ്യകലാ പുരസ്‌കാര സമര്‍പ്പണവും ഇന്ന് സാംസ്‌കാരികവകുപ്പുമന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ‘കേറള്‍ നഹി കേരളം- ആന്‍ഡ് ഐ റൈസ് എഗെയ്ന്‍’ സംസ്ഥാന ദൃശ്യകലാ പ്രദര്‍ശനത്തിനും ശനിയാഴ്ച തുടക്കമാകുമെന്നും കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്തും സെക്രട്ടറി എബി എന്‍ ജോസഫും എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് അഞ്ചരയ്ക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലാണ് പരിപാടി.

city exchange

കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് സ്വാഗതമാശംസിക്കും. കലാചരിത്രകാരനും നിരൂപകനുമായ ആര്‍ ശിവകുമാര്‍ ചിത്രകാരന്‍ ഇന്ദ്രപ്രമിത് റോയ്ക്കു നല്‍കി പ്രദര്‍ശനത്തിന്റെ കാറ്റലോഗ് പ്രകാശിപ്പിക്കും. ഹൈബി ഈഡന്‍ എം പി മുഖ്യാതിഥിയാകും. മുന്‍ കേന്ദ്രമന്ത്രിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ വി തോമസ് മുഖ്യപ്രഭാഷണം നടത്തും. ഗാലറി 1 (എറണാകുളം ദര്‍ബാര്‍ഹാള്‍)ല്‍ നടക്കുന്ന ചിത്രശില്‍പ്പകലാ പ്രദര്‍ശനം മന്ത്രി സജി ചെറിയാനും ഗാലറി 2 (ഹൈക്കോടതിക്കു സമീപമുള്ള മഹാകവി ജി സ്മാരക ആര്‍ട്ട് ഗാലറി)ല്‍ നടക്കുന്ന കാര്‍ട്ടൂണ്‍, ഫോട്ടോഗ്രഫി, ന്യൂ മീഡിയ പ്രദര്‍ശനം സംസ്ഥാന സാംസ്‌കാരികവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡേയും ഉദ്ഘാടനം ചെയ്യും. കേരള ലളിതകലാഅക്കാദമി പ്രസിദ്ധീകരണങ്ങളുടെ സംസ്ഥാനതല വിപണനോല്‍സവം സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. സജിത ആര്‍ ശങ്കര്‍ പുസ്തകം ഏറ്റുവാങ്ങും.

വിശിഷ്ടാംഗത്വം ലഭിച്ച കലാകാരരായ എന്‍ എന്‍ മോഹന്‍ദാസ്, സജിത ആര്‍ ശങ്കര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും. സെക്രട്ടറി എബി എന്‍ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തും. തുടര്‍ന്ന് കേരള ലളിതകലാഅക്കാദമിയും സെക്രട്ട് ഹാര്‍ട്ട് കോളേജ് തേവരയുമായുള്ള ധാരണാപത്രം ഒപ്പുവെയ്ക്കും. സംസ്ഥാന പുരസ്‌കാര സമര്‍പ്പണ ചടങ്ങുകളുടെ ഭാഗമായി വൈകുന്നേരം ഏഴു മണിക്ക് അലോഷിയും സംഘവും അവതരിപ്പിക്കുന്ന ‘സംഗീത സദിര്’ ഉണ്ടായിരിക്കും.

ചിത്ര- ശില്പകലാരംഗത്ത് മികച്ച സംഭാവനകള്‍ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്) പ്രശസ്ത കലാകാരരായ എന്‍ എന്‍ മോഹന്‍ദാസും സജിത ആര്‍ ശങ്കറുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 75,000 രൂപയും ശില്പവും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.

- Advertisement -
Ad image

പെയ്ന്റിംഗ്, ശില്‍പ്പം, ന്യൂ മീഡിയ, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ വിഭാഗങ്ങളിലായി ലഭിച്ച 756 അപേക്ഷകളില്‍ നിന്ന് പ്രാഥമികഘട്ട മൂല്യനിര്‍ണയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 354 കലാകാരന്മാരില്‍ നിന്നാണ് സംസ്ഥാന പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രമുഖ കലാകാരന്മാരായ സുധീര്‍ പട്വര്‍ദ്ധന്‍, പി ഗോപിനാഥ്, ബീന പോള്‍, വി കെ രാജന്‍, ടോം ജെ വട്ടക്കുഴി, റസല്‍ ഷാഹുല്‍, അനുപ് രാധാകൃഷ്ണന്‍, രതീഷ് രവി എന്നിവരാണ് 2023- 24 വര്‍ഷത്തെ കലാപുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സാഹിത്യ നിരൂപകനും നാടകകൃത്തുമായ ഇ പി രാജഗോപാലന്‍, കലാനിരൂപകനും ക്യൂറേറ്ററുമായ ജോണി എം എല്‍, കലാചരിത്രകാരി ഡോ. ശ്രീലക്ഷ്മി എസ് ബി എന്നിവരാണ് പുസ്തക വിഭാഗത്തിലെ ജേതാവിനെ തെരഞ്ഞെടുത്തത്.

അഭിമന്യു വി ജി, ഹരീന്ദ്രന്‍ ടി കെ, ടി എം അസീസ്, രാധ ഗോമതി, സുനില്‍ലാല്‍ ടി ആര്‍, ടോം ജെ വട്ടക്കുഴി, റസല്‍ ഷാഹുല്‍, വിവേക് വിലാസിനി എന്നിവരായിരുന്നു പ്രാഥമിക ജൂറി അംഗങ്ങള്‍. മെമ്പര്‍ സെക്രട്ടറിയായി എന്‍ ബാലമുരളീകൃഷ്ണനും പങ്കെടുത്തു.

അഖില്‍ മോഹന്‍, അരുണ്‍ കെ എസ്, ബേസില്‍ ബേബി, ഹിമ ഹരി, പി എസ് ജയ, മുബാറക് ആത്മത, വി ആര്‍ രാഗേഷ് എന്നിവരാണ് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാര ജേതാക്കള്‍. അനുപമ ഏലിയാസ് അനില്‍, ഗായത്രി എ പി, മുഹമ്മദ് സാലിഹ് എം എം, വിദ്യാദേവി പി, വിനോദ് അമ്പലത്തറ, മധു എടച്ചന, ശരത് പ്രേം, ഹരീഷ് മോഹന്‍ സി, കെ വി എം ഉണ്ണി എന്നിവര്‍ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങള്‍ നേടി. വി ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണമെഡലിന് ജയശ്രീ പി ജി, വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണമെഡലിന് രതീഷ് കക്കാട്ട് എന്നിവരും കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് അനസ് അബൂബക്കര്‍, ഗ്രീഷ്മ സി, ജോസഫ് ജെ ജോസഫ്, കീര്‍ത്തി ആര്‍, ശാദിയ സി കെ എന്നിവരും രാജന്‍ എം കൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് റിഞ്ചു വെള്ളിലയും കലാസംബന്ധിയായ മൗലികഗ്രന്ഥത്തിനുള്ള അവാര്‍ഡിന് ഡോ. കവിതാ ബാലകൃഷ്ണനും അര്‍ഹരായി.

ദൃശ്യകലാ വിഭാഗത്തില്‍ 50,000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഏഴ് സംസ്ഥാന അവാര്‍ഡുകള്‍. ഇവയ്ക്കു പുറമെ 25,000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന ഒമ്പത് ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡുകളും കലാവിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന അഞ്ച് സ്‌പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡുകളം മികച്ച ഛായാ ഭൂഭാഗ ചിത്രത്തിന് ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണമെഡലും മികച്ച ഭൂഭാഗ ചിത്രത്തിന് വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡലും മികച്ച കലാസൃഷ്ടിക്കുള്ള 15,000 രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന രാജന്‍ എം കൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുമാണ് നല്‍കുന്നത്.

ശനിയാഴ്ച (മാര്‍ച്ച് 15ന്) ആരംഭിക്കുന്ന കലാപ്രദര്‍ശനം ഏപ്രില്‍ നാലു വരെ നീണ്ടു നില്‍ക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശന സമയം.

Share This Article
Leave a Comment
error: Content is protected !!