
അനന്തപുരി ജനസമുദ്രമായി; കേരള മുസ്ലിം ജമാഅത്ത് കേരളയാത്രക്ക് ഉജ്ജ്വല സമാപനം
തിരുവനന്തപുരം: സാമുദായിക വികാരങ്ങളെയും മതവിശ്വാസത്തെയും തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് എല്ലാ ജനാധിപത്യ കക്ഷികളും ഒറ്റക്കെട്ടായി തീരുമാനിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണം ലഭിക്കുക രാഷ്ട്രീയത്തില്‍ പ്രധാനമാണെങ്കിലും വോട്ടിനായി സമുദായ വികാരങ്ങളെ ഉപയോഗിക്കുന്നത് സമൂഹത്തില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കും. അതില്ലാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ സ്വീകരിക്കണം. രാഷ്ട്രീയപാര്‍ട്ടികളെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ സര്‍വ്വകക്ഷി യോഗം വിളിച്ച് കേരളം ഇതിനൊരു മാതൃകയുണ്ടാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

വര്‍ഗീയമായ ചേരിതിരിവ് മനുഷ്യരുടെ ജീവിതത്തെയാണ് ആത്യന്തികമായി ബാധിക്കുന്നത്. വികസന മുരടിപ്പിലേക്കാണ് അത് നയിക്കുക. പല പ്രതിസന്ധികളെയും അതിജീവിച്ച കേരളത്തിന് ഇതിലും ശക്തമായ മാതൃക സ്വീകരിക്കാന്‍ കഴിയും. കേരളത്തില്‍ ഇടയ്ക്കിടെ നടന്നുകൊണ്ടിരിക്കുന്ന ‘പ്രീണന’ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം. മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ആനുകൂല്യങ്ങളെയും ഇളവുകളെയും കുറിച്ച് വ്യക്തമായ വിവരം പൊതുമണ്ഡലത്തില്‍ ലഭ്യമാക്കിയാല്‍ ഊഹാപോഹങ്ങള്‍ അവസാനിക്കും. ഇത്തരം ആരോപണങ്ങള്‍ ജാതി- മത സമൂഹങ്ങളെ അധിക്ഷേപിക്കാനും പരസ്പര അകലം സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ.
നമുക്ക് മനുഷ്യനാണ് വലുത്. മനുഷ്യന്റെ നിലനില്‍പാണ് പ്രധാനം. മനുഷ്യര്‍ പരസ്പരമുള്ള സൗഹാര്‍ദ്ദം ജീവല്‍ പ്രധാനമാണ്. അതിന് എല്ലാ വിട്ടുവീഴ്ചകള്‍ക്കും നമ്മള്‍ തയ്യാറാവണം. കേരളയാത്രയുടെ ഭാഗമായി ഓരോ ജില്ലകളിലും ആയിരക്കണക്കിന് മനുഷ്യരെ ഞങ്ങള്‍ സംബോധന ചെയ്തു. ജാതി- മത ചിന്തകള്‍ക്കതീതമായി മനുഷ്യനന്മയുടെ സന്ദേശങ്ങളാണ് നല്‍കിയത്. ഓരോ നാടിന്റെയും വികസനവുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളും നടന്നു. ആ ചര്‍ച്ചകള്‍ ക്രോഡീകരിച്ച വികസന രേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
കേരളത്തില്‍ എസ് ഐ ആറിന്റെ ഭാഗമായി 24 ലക്ഷം ആളുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. സര്‍ക്കാര്‍ പഞ്ചായത്ത് ഓഫീസുകളില്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്നും സമയപരിധി നീട്ടിനല്‍കുന്നത് ആലോചിക്കണമെന്നും സുപ്രിം കോടതി തന്നെ പറഞ്ഞിരിക്കുന്നു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ദുഷ്‌കരമാക്കുന്ന ഒന്നാവരുത് ഇത്. സമയക്കുറവ് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രവാസികള്‍ നേരിട്ട് ഹിയറിംഗിന് ഹാജരാവേണ്ട എന്നു പറഞ്ഞെങ്കിലും ജനിച്ചത് ഇന്ത്യയിലല്ലാത്തത് കൊണ്ട് ഈ ഇളവ് പ്രവാസികളുടെ മക്കള്‍ക്ക് ലഭിക്കുന്നില്ല. ഇതൊനൊക്കെ ബന്ധപ്പെട്ടവര്‍ പരിഹാരം കാണണം. അന്യായമായി ഒരാള്‍പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താവരുത്.
2026 സമസ്തയുടെ സെന്റിനറിയുടെ വര്‍ഷമാണ്. സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ വലിയ പദ്ധതികളാണ് ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. നമ്മുടെ നാടിന് വെളിച്ചമേകിയ പ്രസ്ഥാനമാണ് സമസ്ത. മതസൗഹാദ്ദത്തിനും മനുഷ്യനന്മക്കും മാതൃക കാണിച്ച പ്രസ്ഥാനമാണത്. ഇസ്ലാമിന്റെ യഥാര്‍ഥ രൂപമാണ് സുന്നികള്‍ പിന്തുടരുന്നത്. അല്ലാത്തതൊന്നും പ്രത്യയശാസ്ത്രപരമായി ശരിയല്ല. ഇസ്ലാമിക ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചതാണ് തീവ്രവാദ സ്വഭാവമുള്ള പാര്‍ട്ടികള്‍. സുന്നീ ഐക്യത്തിന് ഞങ്ങള്‍ എന്നും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. സുന്നികളുടെ ഐക്യം കേരളത്തിലെ പൊതുസമൂഹത്തിനും കരുത്ത് പകരും.
ഒരു സ്വതന്ത്ര രാജ്യത്തെ അഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യവും ഇടപെടരുത്. ഇത് വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും. രാജ്യാന്തര ബന്ധങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭ നിയമങ്ങള്‍ക്കും എതിരാണ്. ലോകസമാധാനത്തിനായി നമ്മള്‍ എല്ലാവരും എപ്പോഴും പ്രാര്‍ഥിക്കണം. സമാധാനത്തിനേ പുരോഗതികൊണ്ടുവരാന്‍ കഴിയൂ- കാന്തപുരം പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനിയിലെ താജുല്‍ ഉലമാ നഗറില്‍ നടന്ന സമാപന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിശിഷ്ടാതിഥിയായി. കേരള യാത്രയുടെ ഉപനായകരായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. വികസനരേഖ കാന്തപുരം മുഖ്യമന്ത്രിക്ക് കൈമാറി. കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ഐ സി എഫ്) രിഫാഇ കെയര്‍ പദ്ധതി മുഖ്യമന്ത്രിയും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി ബാധിതരായ 1000 കുഞ്ഞുങ്ങള്‍ക്ക് ഒരു വര്‍ഷം മുപ്പതിനായിരം രൂപ വീതം ലഭിക്കുന്ന പദ്ധതിയാണിത്.
ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍, ശശി തരൂര്‍ എം പി, കര്‍ണാടക സ്പീക്കര്‍ യു ടി. ഖാദര്‍, എ എ റഹീം എം പി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, മാത്യൂ മാര്‍ സില്‍വാല്‍വാനിയോസ് എപ്പിസ്‌കോപ, ഗുരുരത്‌ന ജ്ഞാന തപസ്വി, അഡ്വ. മുഹമ്മദ് ഷാ, എന്‍ അലി അബ്ദുല്ല, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുനീര്‍ അഹ്ദല്‍, നിസാര്‍ സഖാഫി ഒമാന്‍, എ സൈഫുദ്ദീന്‍ ഹാജി, മുസ്ത്വഫ കൂടല്ലൂര്‍ സംബന്ധിച്ചു.
കേരള യാത്ര കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതവും സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.
കേരളയാത്രയുടെ ഭാഗമായി പാളയത്ത് നിന്നാരംഭിച്ച റാലിക്ക് സംസ്ഥാന- ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും നീലഗിരി ജില്ലയില്‍ നിന്നുമെത്തിയ 5000 സെന്റിനറി ഗാര്‍ഡ് അംഗങ്ങളുടെ പരേഡും നടന്നു. സെന്റിനറി ഗാര്‍ഡിന് കാന്തപുരം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി നഗരിയില്‍ നടന്ന സ്വീകരണ സമ്മേളനത്തിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി. ജനുവരി 1ന് കാസര്‍ക്കോട്ട് നിന്നായിരുന്നു കേരള യാത്ര ആരംഭിച്ചത്.

