

ദേശീയ സീനിയര്‍ വുമന്‍സ് ട്വന്റി 20 ട്രോഫിയില്‍ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ തോല്പിച്ചത്. 74 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം പത്താം ഓവറില്‍ വിജയം സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ ഇടം കൈ സ്പിന്നര്‍ വിനയയുടെ ബൗളിങ് മികവാണ് വളരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഒരു ഘട്ടത്തില്‍ വിക്കറ്റ് പോകാതെ 30 റണ്‍സെന്ന നിലയിലായിരുന്ന സിക്കിം, നാല് വിക്കറ്റിന് 35 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നടിയുകയായിരുന്നു.

കളിയുടെ ഒരു ഘട്ടത്തിലും അവര്‍ക്ക് പിന്നീട് കരകയറാനുമായില്ല. ആദ്യ അഞ്ച് വിക്കറ്റുകളില്‍ നാലും വീഴ്ത്തി സിക്കിമിന്റെ ബാറ്റിങ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് വിനയയാണ്. നാല് ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടു കൊടുത്താണ് വിനയ നാല് വിക്കറ്റ് സ്വന്തമാക്കിയത്. സജന ഒരു വിക്കറ്റും നേടി. സിക്കിമിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സില്‍ അവസാനിച്ചു.
