

ദോഹ: മേഖല കടന്നുപോകുന്ന വേദനാജനകമായ ഘട്ടം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും നിരപരാധികളോടും എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ഊന്നിപ്പറഞ്ഞു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗാസയില്‍ പ്രത്യേകിച്ച് വടക്കന്‍ മേഖലയില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വടക്കന്‍ ഗാസയില്‍ ഏര്‍പ്പെടുത്തിയ ഉപരോധം, ആശുപത്രികള്‍ക്കും അഭയാര്‍ഥി ക്യാമ്പുകള്‍ക്കുമെതിരെയുള്ള ആസൂത്രിത ബോംബാക്രമണം, ഗാസ മുനമ്പിലെ ഫലസ്തീനികള്‍ക്കെതിരെ ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുന്നതിലേക്ക് വ്യാപിച്ചതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മേഖലയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച ഖത്തറിന്റെ നയം മാറ്റമില്ലാതെ തുടരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഗാസയിലെയും ലെബനനിലെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും മേഖലയില്‍ സമഗ്രമായ വെടിനിര്‍ത്തല്‍ കൈവരിക്കാനും ഖത്തര്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനന്തമായ ചര്‍ച്ചകള്‍ക്ക് പകരം പ്രദേശത്തിനും ജനങ്ങള്‍ക്കും സമാധാനം പുനഃസ്ഥാപിക്കുന്നതിനും സമൃദ്ധിയും വികസനവും കൈവരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ച് 2023 ഒക്ടോബര്‍ എട്ടു മുതല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും സംഘര്‍ഷം വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും പറഞ്ഞു.
ഈ ശ്രമങ്ങള്‍ 2023 നവംബറില്‍ ചില തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനും താത്ക്കാലിക വെടിനിര്‍ത്തലിലേക്കും നയിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി അവസരങ്ങളില്‍ പരിഹാരത്തിന് അടുത്തെത്തിയിട്ടും പരാജയപ്പെട്ടതിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മധ്യസ്ഥന്റെ പരിമിതമായ റോളാണ് പുരോഗതിയുടെ അഭാവത്തിന് കാരണമെന്നും പ്രത്യേകിച്ചും ഒരു കക്ഷി ക്രിയാത്മകമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാത്തപ്പോഴാണിത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്വഭാവം മാറിയെന്നും എല്ലാ കക്ഷികളിലും സമ്മര്‍ദ്ദം ചെലുത്തുമെന്നും പോസിറ്റീവ് ഫലങ്ങളിലേക്കും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേക്കും എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തര്‍ ഭരണകൂടത്തിന്റെ പങ്ക് മധ്യസ്ഥതയാണെന്നും ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നവരെക്കുറിച്ചോ ചര്‍ച്ചകളുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ വിശദാംശങ്ങളോ വെളിപ്പെടുത്തുന്നതോ അല്ല അതിന്റെ നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ ഹമാസുമായി ബന്ധമുള്ളവരാണെന്ന ഇസ്രായേലിന്റെ ആരോപണത്തെക്കുറിച്ച് അല്‍ ജസീറ ദോഹയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമാണെന്നും ഖത്തറിന്റെ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് എല്ലാവരില്‍ നിന്നും ആദരവ് നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ സംഘട്ടന മേഖലകളില്‍ അല്‍ ജസീറയുടെ കവറേജ് പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്നും അത് മിഡില്‍ ഈസ്റ്റേണ്‍ സംഭവങ്ങള്‍ മാത്രമല്ല, യുക്രെയ്നിലെയും മറ്റ് പ്രദേശങ്ങളിലെയും സംഘര്‍ഷങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഗാസയില്‍ ഉണ്ടായതുപോലെ മാധ്യമ പ്രവര്‍ത്തകരോട് ഒരിക്കലും പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അല്‍ ജസീറ അന്താരാഷ്ട്ര നിലവാരം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഇസ്രയേലിന്റെ ആരോപണങ്ങളും അവകാശവാദങ്ങളും വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഈ യുദ്ധം കാണിച്ചുതന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തര്‍ പുനര്‍നിര്‍മ്മാണ ദൗത്യത്തില്‍ തുരങ്കങ്ങളുണ്ടെന്ന് പറഞ്ഞ് ഇസ്രായേല്‍ സേന ബോംബെറിഞ്ഞെങ്കിലും അത് പതിറ്റാണ്ടുകളായി അവിടെയുള്ള വാട്ടര്‍ ടാങ്കുകളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമം ആവശ്യപ്പെടുന്ന പ്രകാരം സംഘര്‍ഷ മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംഘര്‍ഷ മേഖലകളില്‍ മാധ്യമ പ്രവര്‍ത്തകരെയോ സാധാരണക്കാരെയോ ലക്ഷ്യം വയ്ക്കുന്നതിന് ന്യായീകരണമില്ലെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

