സ്‌കൂളുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

Web Desk
2 Min Read
وزارة التعليم والتعليم العالي
وزارة التعليم والتعليم العالي

ദോഹ: സ്‌കൂളുകളില്‍ ആര്‍ക്കെങ്കിലും കോവിഡ് രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് മാനദണ്ഡം അറിയിച്ചത്. സ്‌കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവ പാലിക്കണമെന്ന് അറിയിച്ചു.

city exchange

ഒന്നാം ഗ്രേഡ് മുതല്‍ മുകളിലുള്ള എല്ലാ ക്ലാസുകളിലേയും കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. അധ്യാപകര്‍, ജീവനക്കാര്‍, സ്‌കൂളിലെത്തുന്ന സന്ദര്‍ശകര്‍ തുടങ്ങി എല്ലാവര്‍ക്കും ഇക്കാര്യം ബാധകമാണ്. അതോടൊപ്പം പരസ്പരം ഏറ്റവും ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിച്ചിരിക്കുകയും വേണം. വാക്‌സിന്‍ എടുക്കാന്‍ യോഗ്യതയുണ്ടായിട്ടും സ്വീകരിച്ചിട്ടില്ലാത്ത അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും എല്ലാ ആഴ്ചയിലും റാപിഡ് ആന്റിജന്‍ പരിശോധന നടത്തി കോവിഡ് രോഗമില്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം.

ക്ലാസ് മുറികളിലും ഹാളുകളിലും നല്ല രീതിയില്‍ വായു സഞ്ചാരമുണ്ടായിരിക്കണം. ജനവാതിലുകള്‍ തുറന്നിട്ടിരിക്കണം. കൈകളും പ്രദേശങ്ങളും അണുനശീകരണം നടത്തിയിരിക്കണം. അസുഖമോ രോഗലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ ആരും സ്‌കൂളിലേക്കോ ക്ലാസുകളിലേക്കോ പ്രവേശിക്കാന്‍ പാടില്ല.

ഒരേ ക്ലാസിലോ ഒരേ ഗ്രൂപ്പിലോ ഉള്ള കുട്ടികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടാവുകയാണെങ്കില്‍ നേരില്‍ സമ്പര്‍ക്കമുണ്ടായതായി കണക്കാക്കും. സ്‌കൂളില്‍ ഒരു കോവിഡ് കേസ് സ്ഥിരീകരിച്ചാല്‍ നേരിട്ട് സമ്പര്‍ക്കമുണ്ടായ വാക്‌സിനേറ്റ് ചെയ്യാത്ത വിദ്യാര്‍ഥികള്‍ ഏഴ് ദിവസത്തേക്ക് ക്വാറന്റൈനില്‍ പ്രവേശിക്കണം. സമ്പര്‍ക്കമുണ്ടായ വിദ്യാര്‍ഥികളുടെ സ്രവം ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പരിശോധനയ്‌ക്കെടുക്കുകയും ആറാം ദിവസവും പരിശോധന ആവര്‍ത്തിക്കുകയും ചെയ്യും.

- Advertisement -
Ad image

നേരിട്ട് സമ്പര്‍ക്കമുണ്ടായ വാക്‌സിനേറ്റ് ചെയ്തതോ നേരത്തെ രോഗബാധിതരാവുകയോ ചെയ്ത വിദ്യാര്‍ഥികളേയും പരിശോധനയ്ക്ക് വിധേയമാക്കുമെങ്കിലും ക്വാറന്റൈന്‍ ചെയ്യേണ്ടതില്ല. വാക്‌സിനെടുത്തതിനും നേരത്തെ രോഗബാധയുണ്ടായതിനുമുള്ള തെളിവ് ഹാജരാക്കേണ്ടതുണ്ട്.

രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ ആണ് നേരിട്ട് സമ്പര്‍ക്കമുണ്ടായതെങ്കില്‍ വാക്‌സിനേറ്റ് ചെയ്യാത്തവര്‍ 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ പ്രവേശിക്കണം. ഇത്തരക്കാരുടെ സ്രവം മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

കഴിഞ്ഞ ഒന്‍പത് മാസത്തിനകം വാക്‌സിനെടുക്കുകയോ കോവിഡ് രോഗം വരികയോ ചെയ്തവരുടേയും സ്രവം പരിശോധിക്കുമെങ്കിലും ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതില്ല. എന്നാല്‍ വാക്‌സിനെടുത്തതിന്റേയോ രോഗബാധ സ്ഥിരീകരിച്ചതിന്റേയോ രേഖകള്‍ ഹാജരാക്കിയിരിക്കണം.

ഏതെങ്കിലും സ്‌കൂളുകളില്‍ കോവിഡ് രോഗബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയും പൊതുജനാരോഗ്യ മന്ത്രാലയവും ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതും ആവശ്യമെങ്കില്‍ ഒരാഴ്ചക്കാലത്തേക്ക് ക്ലാസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതുമാണ്.

Share This Article
Leave a Comment
error: Content is protected !!