

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പില്ലാത്ത കുരകളിലും വാടക വീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും സുരക്ഷിത ഭവനം ഒരുക്കുവാന്‍ അവര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിലെ 46-ാം ഭവനത്തിന്റെ താക്കോല്‍ നല്കി. എടത്തല പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിധവയും രണ്ടു കുട്ടികളുടെ മാതാവുമായ ഷജിന റസാക്കിനാണ് വീട് നല്കിയത്. ടെലിവിഷന്‍ അവതാരക ലക്ഷ്മി നക്ഷത്ര താക്കോല്‍ ദാനം നടത്തി. രോഹിത് മണിയും സതേണ്‍ പ്ലൈവുഡ് എം ഡി ഹംസ മുക്കടയും സംയുക്തമായി സ്‌പോണ്‍സര്‍ ചെയ്താണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഫെസീന, സതേണ്‍ പ്ലൈവുഡ് എം ഡി ഹംസ മുക്കട, വൈസ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആബിദ് ഷെരീഫ്, എടത്തല സൊസൈറ്റി പ്രസിഡന്റ് ഷംസുദ്ദീന്‍, മുന്‍ വാര്‍ഡ് അംഗം സി എം അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

പദ്ധതിയില്‍ വിവിധ പഞ്ചായത്തുകളിലായി വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. 6.12 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ 510 ചതുരശ്ര അടിയിലാണ് വീടുകള്‍ നിര്‍മിക്കുന്നത്. സ്‌പോണ്‍സര്‍മാരെ ലഭിക്കുന്ന മുറയില്‍ മറ്റുള്ള അപേക്ഷകളും പരിഗണിക്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

