

ആലുവ: ദീര്‍ഘകാലം എറിയാട് സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്മായിരുന്ന കെ കെ അബുവിന്റെ സ്മരണാര്‍ഥം എറിയാട് കെ കെ അബു സ്മാരക ലൈബ്രറി ഏര്‍പ്പെടുത്തിയ യുവ എം എല്‍ എക്കുള്ള അവാര്‍ഡ് ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിന് വി എം സുധീരന്‍ സമര്‍പ്പിച്ചു.

പതിനായിരത്തി ഒന്ന് രൂപയും ശില്പവുമായിരുന്നു അവാര്‍ഡ്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന അന്‍വര്‍ സാദത്തിനെപ്പോലുള്ളവര്‍ ഭാവി കേരളത്തിന്റെ പ്രതീക്ഷയാണെന്ന് അവാര്‍ഡ് സമര്‍പ്പിച്ച് വി എം സുധീരന്‍ പറഞ്ഞു.

അവാര്‍ഡ് തുക ലൈബ്രറി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അന്‍വര്‍ സാദത്ത് എം എല്‍ എ വേദിയില്‍ വെച്ച് തിരികെ നല്‍കി. ഈ അവാര്‍ഡ് തന്റെ കുടുംബത്തിനും തന്റെ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിനും ആലുവയിലെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നു എന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് ടി കെ നസീര്‍ അധ്യക്ഷത വഹിച്ചു. അവാര്‍ഡ് നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ കെ കെ കുഞ്ഞുമൊയ്തീന്‍, കെ കെ അബു അനുസ്മരണ പ്രസംഗം നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ സി എസ് രവീന്ദ്രന്‍, ടി എം നാസര്‍, ബ്ലോക്ക് പ്രസിഡന്റ് പി ബി മൊയ്തു എന്നിവരും പ്രസംഗിച്ചു.

