കേരളത്തിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയ സമവായം ഉണ്ടാകണമെന്ന് കെ എം എ പാനല്‍ ചര്‍ച്ച

Web Desk
2 Min Read

കൊച്ചി: കേരളത്തിന്റെ പൊതുവായ വികസന കാര്യങ്ങളില്‍ രാഷ്ട്രീയ സമവായം ഉണ്ടാക്കണമെന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ എം എ) സംഘടിപ്പിച്ച ‘കേരളത്തിന്റെ വികസന പ്രഹേളിക’ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഏത് വികസന പദ്ധതികള്‍ കൊണ്ടുവന്നാലും നിക്ഷിപ്ത താല്‍പര്യമുള്ള ചിലര്‍ അത് മുടക്കുകയാണ്. ആരെയും വെറുപ്പിക്കേണ്ട എന്ന നിലപാട് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതോടെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

city exchange

നേതാക്കളില്‍ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളിലും പുരോഗമനപാതയിലേക്കു നമ്മെ സ്വയം നയിക്കുവാനുള്ള മാറിയ മന:സ്ഥിതി വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു എന്നും കെ എം എ പോലെയുള്ള രാഷ്ട്രീയേതര സംഘടനകള്‍ ഈ മാറ്റത്തിനു മുന്‍കൈ എടുക്കേണമെന്നും ചര്‍ച്ച വിലയിരുത്തി. ഹഡ്‌കോ മുന്‍ ചെയര്‍മാന്‍ വാസുദേവന്‍ സുരേഷ്, ടെക്‌നോപാര്‍ക്ക് സ്ഥാപക സി ഇ ഒ ജി വിജയരാഘവന്‍, ഐ ബി എസ് സോഫ്റ്റ്‌വെയര്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ എം എ പ്രസിഡന്റ്് ആര്‍.മാധവ ചന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തിയ ചര്‍ച്ചയില്‍ കെ എം എ മുന്‍ പ്രസിഡന്റ് എസ് ആര്‍ നായര്‍ മോഡറേറ്റര്‍ ആയി.

വികസന കാര്യത്തില്‍ കേരളത്തിന് കൃത്യവും വ്യക്തവുമായ ലക്ഷ്യം ഉണ്ടാവണമെന്ന് വി കെ മാത്യൂസ് പറഞ്ഞു. മാലിന്യ സംസ്‌ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. ശുചിത്വമുള്ള റോഡുകളും ജലാശയങ്ങളും അനിവാര്യമാണ്. സുരക്ഷിതമായി ഭക്ഷണം കഴിക്കാനും സഞ്ചരിക്കുവാനും സാധിക്കണം. ദുരന്തങ്ങളെ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കണം. പൊതുജനങ്ങള്‍ക്കുള്ള എല്ലാ സേവനങ്ങളും ഡിജിറ്റല്‍വത്കരിക്കണം. 85 ശതമാനത്തിന് മുകളിലാണ് കേരളത്തിന്റെ ഇന്റര്‍നെറ്റ് പെനട്രേഷന്‍ എന്നത് ഇതിന് സഹായകരമാണ്. ഓരോ വകുപ്പിലും എന്തൊക്കെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി, ഏതൊക്കെ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ് എന്നത് പഠന വിധേയമാക്കണം. കേരളത്തെ മികച്ച ജീവിത നിലവാരമുള്ള സ്ഥലമാക്കി മാറ്റിയെടുക്കണമെന്നും വി.കെ മാത്യൂസ് നിര്‍ദ്ദേശിച്ചു.

- Advertisement -
Ad image

എത് വികസന പദ്ധതികള്‍ കൊണ്ട് വന്നാലും അതിനെ തടസപ്പെടുത്തുന്ന ചിലര്‍ സംസ്ഥാനത്തുണ്ടെന്നും ഇവരെ വെറുപ്പിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സര്‍ക്കാരുകള്‍ ഇവര്‍ക്ക് വഴങ്ങിക്കൊടുക്കുകയാണെന്നും ജി വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. വികസനത്തിനായി രാഷ്ട്രീയ സമവായം രൂപീകരിക്കണം. ഒരു പദ്ധതി തയാറാക്കിയാല്‍ പ്രതിപക്ഷത്തോടും കൂടി ചോദിച്ച് എതിര്‍പ്പുകളും നിര്‍ദേശങ്ങളും പോരായ്മകളും മനസിലാക്കണം. അതില്‍ സമവായമുണ്ടാക്കണം. ഒരു പദ്ധതി ആര് കൊണ്ട് വരുന്നു എന്ന് നോക്കി അതിനെ എതിര്‍ക്കുന്ന നിലപാട് മാറ്റണം. പദ്ധതികള്‍ തയാറാക്കുന്നതിന് മുന്‍പ് ആവശ്യമായ പഠനങ്ങള്‍ നടത്താതെയും ശരിയായ ഡോക്യുമെന്റേഷന്‍ ഇല്ലാതെയും സുതാര്യത ഇല്ലാതെയും വരുന്നതിനാലാണ് ഒട്ടുമിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളികളുടെ കഴിവും അര്‍പ്പണബോധവും സ്വന്തം നാട്ടില്‍ വിനിയോഗിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് സുരേഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടി. വികസന കാര്യത്തില്‍ തമിഴ്‌നാടിനെ പാഠമാക്കണം. ഓട്ടൊമൊബൈല്‍ വ്യവസായം അവിടെ തഴച്ചു വളരുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവിടെ വികസനത്തെ എതിര്‍ക്കാറില്ല. കേരളത്തിന് ഇനി മുന്നേറാന്‍ കഴിയുന്ന മേഖലകള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. മൂല്യ വര്‍ധിത സേവനങ്ങള്‍ ഏതൊക്കെ മേഖലകളില്‍ നല്‍കാനാകുമെന്ന് കണ്ടെത്തണം. ആരോഗ്യ, ഐ ടി, ടൂറിസം മേഖലകള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. എം എസ് എം ഇ മേഖലയ്ക്ക് കേരളത്തില്‍ ഒട്ടേറെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എം എ പ്രസിഡന്റ് അധ്യക്ഷനായ ചര്‍ച്ചയില്‍ ഓണററി സെക്രട്ടറി ജോമോന്‍ കെ ജോര്‍ജ് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!