
മനാമ: രണ്ട് വര്‍ഷമെങ്കിലും പ്രവാസിയായി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നോര്‍ക്ക റിട്ടേണി ഐ ഡി കാര്‍ഡ് അനുവദിക്കുന്നതിന് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കെ എം സി സി ബഹ്റൈന്‍. പ്രവാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരം കാണുന്ന ഈ തീരുമാനത്തിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും കെ എം സി സി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളികുളങ്ങരയും പ്രസ്താവനയില്‍ പറഞ്ഞു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയവര്‍ക്കും പ്രവാസി ക്ഷേമ പദ്ധതികളുടെയും സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെയും പ്രയോജനം ലഭ്യമാക്കുന്നതിന് റിട്ടേണി ഐ ഡി കാര്‍ഡ് ഏറെ സഹായകരമാകുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കെ എം സി സിയുടെയും മറ്റു പ്രവാസി സംഘടനകളുടെയും നിരന്തരമായ ഇടപെടലുകളുടെയും ആവശ്യങ്ങളുടെയും ഫലമായി സര്‍ക്കാര്‍ കൈക്കൊണ്ട ഈ തീരുമാനം പ്രവാസി സമൂഹത്തോടുള്ള ഉത്തരവാദിത്തബോധത്തിന്റെ തെളിവാണെന്നും നേതാക്കള്‍ പറഞ്ഞു.
നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പ്രവാസികളുടെ വിവിധ ആവശ്യങ്ങളില്‍ അനുകൂലമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും, പ്രവാസി സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട കൂടുതല്‍ ആവശ്യങ്ങള്‍ പരിഗണിച്ച് അടിയന്തരമായി നടപ്പാക്കണമെന്നും കെ എം സി സി ബഹ്റൈന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

