ഗാസയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഖത്തര്‍ റെഡ് ക്രസന്റ് 88,000ത്തിലേറെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ദോഹ: ഗാസയിലെ വിവിധ അഭയാര്‍ഥി ക്യാംപുകളിലുള്ള കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു ആര്‍ സി എസ്) 88,000ത്തിലേറെ ചൂടുള്ള ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായി 4,89,016 യു എസ് ഡോളര്‍ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

city exchange

ഏറ്റവും ഗുരുതരമായ ദുരിതം നേരിടുന്നവരും അടിയന്തര സഹായം ആവശ്യമായവരുമായ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്യാംപുകളില്‍ നേരിട്ട് 88,912 ചൂടുള്ള ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യമെന്ന് ഗാസയിലെ ക്യു ആര്‍ സി എസ് പ്രതിനിധി ഓഫീസ് മേധാവി ഡോ. അക്രം നസാര്‍ അറിയിച്ചു.

ഗാസയില്‍ രൂക്ഷമാകുന്ന മാനുഷിക ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ സജീവമായി ഇടപെടുകയാണ് തങ്ങളുടെ ദുരിതാശ്വാസ പദ്ധതികളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസയിലെ ഭക്ഷണം, ആരോഗ്യപരിചരണം, താമസം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ നിര്‍ണായക മേഖലകളിലെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ക്യു ആര്‍ സി എസ് നടപ്പാക്കുന്ന സമഗ്ര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണവിതരണ പദ്ധതി.

- Advertisement -
Ad image

ഭക്ഷ്യസുരക്ഷാ മേഖലയിലെ സഹായം തുടര്‍ന്നും ശക്തമാക്കുമെന്ന് ക്യു ആര്‍ സി എസ് അറിയിച്ചു. ബേക്കറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുക, പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍ക്ക് ചികിത്സാപരമായ പോഷകാഹാരം നല്‍കുക തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനായി ആകെ 1.65 കോടി ഖത്തര്‍ റിയാലിലേറെ ചെലവഴിക്കാന്‍ ലക്ഷ്യമിടുന്നതായും ക്യു ആര്‍ സി എസ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!