

അഹമ്മദാബാദ്: ദ് കേരള സ്റ്റോറിയെന്ന സിനിമ പുറത്തിറക്കി കേരളത്തെയും മലയാളികളേയും അപമാനിച്ചവരും അവര്‍ക്ക് പിന്തുണ നല്‍കിയവരും അറിയുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടേയും സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 41621 സ്ത്രീകളെ. ഇവരില്‍ ഭൂരിപക്ഷവും പ്രായം കുറഞ്ഞ പെണ്‍കുട്ടികളാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നു.

കേരള സ്റ്റോറിയില്‍ പറയുന്നതുപോലെ ‘കൊട്ടക്കണക്കല്ല’ ഇത്. ഈ കണക്കുകള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണുള്ളത്.

കാണാതെപോയ സ്ത്രീകളില്‍ ഭൂരിപക്ഷവും ലൈംഗികവൃത്തിക്കായി ഉപയോഗപ്പെടുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല പ്രതിവര്‍ഷം കാണാതാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 2020ല്‍ ഒഴികെ വര്‍ധനവാണ് ഉണ്ടായത്.
2016ല്‍ 7105 സ്ത്രീകളെയാണ് കാണാതായതെങ്കില്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്.
2021ല്‍ സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം 2019- 20ല്‍ അഹമ്മദാബാദിലും വഡോദരയിലും മാത്രമായി 4722 സ്ത്രീകളെ കാണാതായെന്നാണ് പറയുന്നത്. നിര്‍ബന്ധിത ലൈംഗികവൃത്തിക്കു മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കപ്പെടുകയാണ് ഇവരില്‍ പലരുമെന്ന് ഐ പി എസ് മുന്‍ ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറഞ്ഞു. സ്ത്രീകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പൊലീസ് ഗൗരവപൂര്‍വം പരിഗണിക്കുന്നില്ലെന്നും കൊലപാതകത്തേക്കാള്‍ ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കുട്ടിയെ കാണാതാകുമ്പോള്‍ ആ കുടുംബം മുഴുവന്‍ വര്‍ഷങ്ങളോളമാണ് ആ കുട്ടിക്കു വേണ്ടി കാത്തിരിക്കുന്നത്. കൊലക്കേസുകളില്‍ അന്വേഷണം നടത്തുന്നതുപോലെ തന്നെ ഈ കേസുകളും അന്വേഷിക്കണം. ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നതെന്നും സിന്‍ഹ പറഞ്ഞു.
കാണാതാകുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷത്തേയും മനുഷ്യക്കടത്തു സംഘങ്ങള്‍ മറ്റു സംസ്ഥാനത്തെത്തിച്ച് വില്‍ക്കുകയാണെന്ന് തന്റെ കാലത്ത് കണ്ടെത്തിയിരുന്നുവെന്ന് മുന്‍ എ ഡി ജി പി ഡോ. രാജന്‍ പ്രിയദര്‍ശിനി പറഞ്ഞു.
ബി ജെ പി നേതാക്കള്‍ കേരളത്തിലെ സ്ത്രീകളെക്കുറിച്ചു പറയുമ്പോള്‍ ഗുജറാത്തില്‍ കാണാതായ 40,000 സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹിരേന്‍ ബാങ്കര്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സ്വന്തം നാടാണ് ഗുജറാത്തെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

