

ദോഹ: പാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുജനാരോഗ്യ മന്ത്രാലയം പാല്‍ രഹിത കിവിഗാര്‍ഡന്‍ കോക്കനട്ട് യോഗര്‍ട്ട് ഡ്രോപ്‌സ് ഉത്പന്നത്തിന്റെ പ്രത്യേക ബാച്ചുകള്‍ പിന്‍വലിച്ചു.

കിവിഗാര്‍ഡന്‍ ഉത്പന്നത്തില്‍ പാലിന്റെ അംശം ഉണ്ടെന്ന് സംശയിക്കുന്നതായി ഇന്റര്‍നാഷണല്‍ ഫുഡ് സേഫ്റ്റി അതോറിറ്റി നെറ്റ്വര്‍ക്കില്‍ (ഇന്‍ഫോസാന്‍) നിന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന് അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് ബാച്ചുകള്‍ പിന്‍വലിച്ചത്. 6237111, 6237163 എന്നീ ബാച്ചുകളാണ് പിന്‍വലിച്ചത്. ഇവ യഥാക്രമം മെയ് 9, ജൂണ്‍ 9, 2025 തിയ്യതികള്‍ വരെ ഉപയോഗിക്കാനാവുന്നതാണ്.

ഉത്പന്നത്തില്‍ അലര്‍ജിയുണ്ടാക്കുന്ന പാലിന്റെ അംശം ഉണ്ടെന്ന് സംശയിക്കുന്നതായി അറിയിപ്പ് വ്യക്തമാക്കുന്നു. അതേസമയം ഉത്പന്ന ലേബല്‍ ഇത് പാല്‍ രഹിത ഉത്പന്നമാണെന്ന് കാണിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയം ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വിതരണക്കാര്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും രാജ്യത്തെ എല്ലാ പ്രധാന ഔട്ട്ലെറ്റുകള്‍ക്കും ഉത്പന്നം ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

