

കൊച്ചി: ഹൃദയ ദിനാഘോഷത്തെ ഹൃദയസ്പര്ശിയായ ഒത്തുചേരലാക്കി കൊച്ചി ആസ്റ്റര് മെഡ്സിറ്റി. നിര്ധനരായ നൂറ് കുട്ടികള്ക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്ത് നല്കാന് ലക്ഷ്യമിട്ട് ആസ്റ്റര് മെഡ്സിറ്റി വിഭാവനം ചെയ്തിട്ടുള്ള ഹാര്ട്ട് ബീറ്റ്സ് പദ്ധതിയുടേയും ഹാര്ട്ട് ടു ഹാര്ട്ട് ക്യാമ്പയിന്റെയും പ്രചാരണാര്ഥമായിരുന്നു ആഘോഷ പരിപാടികള് സംഘടിപ്പിച്ചത്.

വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം നല്കി ഫോര്ട്ട് കൊച്ചി ബീച്ചില് സംഘടിപ്പിച്ച പരിപാടിയില് പ്രദേശവാസികളും സഞ്ചാരികളും ഉള്പ്പെടെ നൂറ് കണക്കിന് പേര് പങ്കാളികളായി.

ആസ്റ്റര് ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്ഹാന് യാസിനും ആസ്റ്റര് മെഡ്സിറ്റിയിലെ കണ്സള്ട്ടന്റ് ഇന്റര്വെന്ഷണല് കാര്ഡിയോളജിസ്റ്റ് ഡോ. ആര് സന്ദീപും ചേര്ന്ന് ഹൃദയാകൃതിയിലുള്ള നൂറ് ചുവന്ന ബലൂണുകള് പറത്തിയായിരുന്നു ആഘോഷ പരിപാടികള്ക്ക് തുടക്കം കുറിച്ചത്.
ഫ്ളാഷ് മോബിന്റെ അകമ്പടിയോടെ ആരംഭിച്ച ആഘോഷങ്ങള്ക്ക് പ്രശസ്ത ഇന്സ്ട്രമെന്റലിസ്റ്റ് ഡോ. പി സി ചന്ദ്രബോസിന്റെ വാദ്യഘോഷങ്ങള് കൂടുതല് മിഴിവേകി. ഇതിന് പുറമേ രസകരവും വിജ്ഞാന പ്രദവുമായ ക്വിസ് മത്സരവും ഹൃദയാരോഗ്യത്തിന് വേണ്ട വ്യായാമങ്ങളും സംഘടിപ്പിച്ചിരുന്നു. വിജയികള്ക്ക് ഹൃദയാകൃതിയിലുള്ള കീചെയിനുകളായിരുന്നു സമ്മാനിച്ചത്. ഹൃദയം എന്ന വാക്ക് കൊണ്ട് തുടങ്ങുന്ന സിനിമ ഗാനങ്ങള് അവതരിപ്പിച്ചത് ആഘോഷ പരിപാടികളില് വേറിട്ടു നിന്നു.
ഹൃദ്രോഗത്തെ തുടര്ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിര്ധന കുടുംബങ്ങളിലെ കുട്ടികള്ക്ക് പ്രത്യാശയേകുക എന്ന ലക്ഷ്യത്തോടെയാണ് ഹാര്ട്ട് ബീറ്റ്സ് പദ്ധതി നടപ്പാക്കുന്നത്. ഹൃദയദിനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും അതുവഴി ആര്ക്കും പദ്ധതിയില് പങ്കാളിയാകാനുമുള്ള അവസരം ഒരുക്കുന്നതാണ് ഹാര്ട്ട് ടു ഹാര്ട്ട് ക്യാമ്പയിന്. 10,000 ചുവടുകള് നടക്കുക, 10 കിലോമീറ്റര് സൈക്കിള് സവാരി, ഒരു മണിക്കൂര് വ്യായാമം എന്നിവയെല്ലാം പൂര്ത്തിയാക്കുന്ന ഓരോരുത്തര്ക്ക് വേണ്ടിയും പദ്ധതിയിലേക്ക് നൂറ് രൂപ വീതം ആസ്റ്റര് ഡിഎം ഹെല്ത്ത് കെയര് നല്കും.

