
അങ്കമാലി: കൊച്ചി നഗരത്തിലെയും പരിസര മേഖലയിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കൊടുങ്ങല്ലൂരില്‍ നിന്ന് അങ്കമാലിയിലേക്ക് ആറുവരി ബൈപാസ് ദേശീയപാത നിര്‍മ്മിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് നല്‍കിയ നിവേദനത്തിലാണ് എം പി ഇക്കാര്യം ആവശ്യപ്പെട്ടത്.

അങ്കമാലി- കുണ്ടന്നൂര്‍ ബൈപാസ് പദ്ധതിയുമായി ഈ പദ്ധതി ബന്ധിപ്പിക്കുന്നത് ഗതാഗതത്തിന് വലിയ നേട്ടം നല്‍കുമെന്നും കൊടുങ്ങല്ലൂര്‍ മുതല്‍ അങ്കമാലി വരെ ഏകദേശം 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ ബൈപാസ് വഴി കൊച്ചിയിലെ ഗതാഗത ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നും എം പി പറഞ്ഞു.

വടക്കന്‍ ജില്ലകളില്‍ നിന്ന് വിമാനത്താവളത്തിലേക്കും അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഈ ബൈപാസ് ഉപകാരപ്രദമാകും. എറണാകുളം, തൃശൂര്‍ ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വ്യാപാര- വികസനത്തിനും വലിയ സഹായമാകും.
പദ്ധതിക്ക് ഏകദേശം 2,500 കോടി രൂപ ചെലവായും 100 ഹെക്ടര്‍ ഭൂമിയുമായിരിക്കും ആവശ്യമായത്. അതിനാല്‍ പദ്ധതി ഭാരത് മാലയിലോ ദേശീയപാത വികസന പദ്ധതിയിലോ ഉള്‍പ്പെടുത്തി ഫീസിബിലിറ്റി സ്റ്റഡിയും ഡിപിആറും ഉടന്‍ ആരംഭിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.
ഇതോടൊപ്പം, ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളില്‍ മേല്‍പ്പാതകളും അടിപ്പാതകളും നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി അങ്കമാലി മുതല്‍ തൃശൂരിലെ ദേശീയപാത 544-ല്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കുകള്‍ ഉടന്‍ പരിഹരിക്കണമെന്നും മുന്‍പ് മന്ത്രി ഉറപ്പ് നല്‍കിയതായിട്ടും നാഷണല്‍ ഹൈവേ അതോറിറ്റി ഇതുവരെ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നും എം പി മന്ത്രിയെ അറിയിച്ചു.

